25 December Wednesday

പിടിവാശി ഉപേക്ഷിക്കൂ, കർഷകരോട് സംസാരിക്കൂ: കേന്ദ്രത്തോട് പഞ്ചാബ് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 24, 2024

photo credit: X

ചണ്ഡീഗഡ് > വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) നിയമപരമായ ഉറപ്പ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സംസ്ഥാന അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുമായി ചർച്ച നടത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു.  കർഷകരോടുള്ള കേന്ദ്രസർക്കാരിന്റെ പിടിവാശി ഉപേക്ഷിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

സംയുക്ത കിസാൻ മോർച്ചയുടെയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തിൽ ഡൽഹിയിലേക്കുള്ള കർഷക മാർച്ച് സുരക്ഷാ സേന തടഞ്ഞതിനെത്തുടർന്ന് ഫെബ്രുവരി 13 മുതൽ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തികളിൽ കർഷകർ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.

കർഷകരുടെ ആവശ്യങ്ങൾ  കേന്ദ്രം അംഗീകരിക്കാൻ പഞ്ചാബിൽ നിന്നുള്ള കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ നവംബർ 26 മുതൽ ഖനൗരി അതിർത്തിയിൽ നിരാഹാര സമരം നടത്തിവരികയാണ്.
കേന്ദ്രസർക്കാർ പിടിവാശി ഉപേക്ഷിച്ച് കർഷക സംഘടനകളുമായി ചർച്ച നടത്തണമെന്ന്‌ എക്‌സ്‌ പോസ്റ്റിൽ ഭഗവന്ത് മാൻ പറഞ്ഞു.

"റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം നിർത്താൻ മോദിജിക്ക് കഴിയുമെങ്കിൽ, 200 കിലോമീറ്റർ അകലെ (ഡൽഹിയിൽ നിന്ന്) ഇരിക്കുന്ന കർഷകരോട് സംസാരിക്കാൻ മോദിജിക്ക് കഴിയില്ലേ? നിങ്ങൾ ഏത് സമയത്തിനാണ് കാത്തിരിക്കുന്നത്?" എന്നാണ്‌ ഭഗവന്ത് മാൻ എക്‌സിൽ കുറിച്ചത്‌.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top