ന്യൂഡൽഹി
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി ഹുറുൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 11.61 ലക്ഷം കോടിയാണ് അദാനിയുടെ ആസ്‌തി. ഹിൻഡൻബർഗ് റിപ്പോർട്ടുകളിലെ അതിഗുരുതര വെളിപ്പെടുത്തലുകൾക്കടിയിലും അദാനിയുടെ ആസ്‌തിയിൽ ഒരു വർഷത്തിനിടെ 95 ശതമാനം വർധനയുണ്ടായി. 2020ൽ അദാനി പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു.
രണ്ടാമതുള്ള മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ ആസ്‌തി 10.14ലക്ഷം കോടി. വർധന 25 ശതമാനം. മൂന്നാം സ്ഥാനത്തുള്ള എച്ച്‌സിഎൽ തലവൻ ശിവ് നന്ദറിന് 3.14ലക്ഷം കോടിയാണ് ആസ്‌തി. കോവിഡ് വാക്‌സിൻ നിർമാതാക്കളായ സൈറസ് പൂനാവാല കുടുംബത്തിന് 2.89 ലക്ഷം കോടിയും സൺ ഫാർമസ്യൂട്ടിക്കൽ തലവൻ ദിലീപ് ഷാങ്‌വിക്ക് 2.49 ലക്ഷം കോടിയുമാണ് ആസ്‌തി.
ബോളിവുഡ് താരം ഷാരൂഖ് ഖാൻ (7,300 കോടി) ആദ്യമായി പട്ടികയിൽ ഇടം നേടി. ജൂഹി ചൗള, ഹൃത്വിക് റോഷൻ, കരൺ ജോഹർ, അമിതാഭ് ബച്ചൻ എന്നിവരും പട്ടികയിലുണ്ട്. ക്വിക്ക് കൊമേഴ്‌സ് സ്റ്റാർട്ടപ്പായ സെപ്‌റ്റോ ഉടമകളിലൊരാളായ കൈവല്യ വോറ(21)യാണ് പട്ടികയിലെ പ്രായം കുറഞ്ഞയാൾ. ഏഴുവർഷത്തിനിടെ ഇന്ത്യയിൽ 334 പേർകൂടി സഹസ്രകോടീശ്വരന്മാരായി.
1,539 പേരാണ് അതിസമ്പന്ന പട്ടികയിലുള്ളത്. എല്ലാവർക്കുംകൂടി ആകെയുള്ളത് 159 ലക്ഷം കോടി. ഇത് ഇന്ത്യൻ ജിഡിപിയുടെ പകുതിയിൽക്കൂടുതൽ വരും. ഏഷ്യയിൽ ഏറ്റവും കൂടുതൽ അതിസമ്പന്നരുള്ള നഗരം നേരത്തെ ബീജിങ്ങായിരുന്നു. ഇപ്പോൾ അത് മുംബൈ ആയി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..