ന്യൂഡൽഹി
ഏറ്റെടുത്ത ഭൂമിക്ക് ന്യായമായ നഷ്‌ടപരിഹാരമാവശ്യപ്പെട്ട് യുപിയിലെ ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന കർഷക പ്രക്ഷോഭം അട്ടിമറിക്കാൻ കള്ളക്കേസുമായി പൊലീസ്. സമരവേദിയിൽനിന്ന് അറസ്റ്റുചെയ്‌ത് ജയിലിലിട്ട കർഷകർക്കെതിരെ വധശ്രമത്തിന് പുതിയ കേസെടുത്തു. സബ് ഇൻസ്‌പെകടർ രാജ്‌കുമാറിനെ കൈയേറ്റം ചെയ്‌തെന്നും കഴുത്തിൽ ബൂട്ടിട്ട് ചവിട്ടിയെന്നുമടക്കം ആരോപിച്ചാണ് കേസ്. മെട്രോ സ്റ്റേഷനിൽ കടന്നുകയറി ട്രെയിൻ തടഞ്ഞെന്നും കേസുണ്ട്. ഗൗതം ബുദ്ധനഗറിലെ ജയിലിലുള്ള 129 പേരിൽ 112 പേരെയും പ്രതിയാക്കി.
ഡിസംബർ നാലിന് നടന്നുവെന്ന് പൊലീസ് ആരോപിക്കുന്ന സംഭവങ്ങളുടെ തെളിവ് പുറത്തുവിടണമെന്ന് അഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കള്ളക്കേസിന് പിന്നിലുള്ള പൊലീസ് കമീഷണർ ലക്ഷ്‌മി സിങ്ങിനെതിരെ നടപടിയെടുക്കണം. ഒരു മാധ്യമവും സംഭവം റിപ്പോർട്ട് ചെയ്‌തിട്ടില്ല. അതീവ സുരക്ഷാസംവിധാനമുള്ള മെട്രോ സ്റ്റേഷൻ കർഷകർ കൂട്ടമായി ആക്രമിച്ചെന്നാണ് അവകാശവാദം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും കിസാൻ സഭ വെല്ലുവിളിച്ചു.
കർഷകരെ വിട്ടയച്ചില്ലെങ്കിൽ 23ന് ഗൗതം ബുദ്ധനഗർ ഡിഎം ഓഫീസ് ഉപരോധിക്കും. കളളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ല മജിസ്‌ട്രേറ്റ് മനീഷ് കുമാറിന് കിസാൻ സഭ കത്തുനൽകി.ഇതിന്റെ പകർപ്പ് യുപി മുഖ്യമന്ത്രി ആദിത്യനാഥ്, അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി എന്നിവർക്ക് നൽകുമെന്നും അറിയിച്ചു.
വി ശിവദാസൻ എംപിയെ തടഞ്ഞു
ഗൗതം ബുദ്ധനഗറിലെ ജയിലിലുള്ള കർഷകരെ സന്ദർശിക്കാൻ എത്തിയ വി ശിവദാസൻ എംപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ വെള്ളിയാഴ്‌ച പൊലീസ് തടഞ്ഞു. അനുവാദം നൽകാമെന്ന് ജില്ലാ മജിസ്‌ട്രേറ്റും, കമീഷണറും അറിയിച്ചെങ്കിലും വാക്ക് പാലിച്ചില്ല. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയശേഷം സംഘം മടങ്ങി.
അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്, സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്‌സേന, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് രാം സാഗർ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ജനാധിപത്യ അവകാശങ്ങൾ ബിജെപി സർക്കാർ ചവിട്ടിമെതിക്കുകയാണെന്ന് ശിവദാസൻ ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..