22 December Sunday

ഇൻഷുറൻസ്‌ പ്രീമിയം 
ഇളവില്‍ തീരുമാനം പിന്നീട്

പ്രത്യേക ലേഖകൻUpdated: Sunday Dec 22, 2024

ന്യൂഡൽഹി
മുതിർന്ന പൗരന്മാരുടെ ഇൻഷ്വറൻസ്‌ പ്രീമിയത്തിന്‌ ഇളവ്‌ നൽകുന്നത്‌ ഉൾപ്പടെയുള്ള തീരുമാനങ്ങൾ പിന്നീട്‌ പരിഗണിക്കാൻ മാറ്റിയെന്ന്‌ ജിഎസ്‌ടി  കൗൺസിൽ യോഗത്തിനുശേഷം ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഈ വിഷയത്തിൽ ഐആർഡിഎഐ(ഇൻഷുറൻസ്‌ റഗുലേറ്ററി അതോറിറ്റി)യുടെ അഭിപ്രായം ലഭിക്കേണ്ടതുണ്ട്‌. എന്നാൽ ജനറൽ ഇൻഷൂറൻസ്‌ കമ്പനികളുടെ തേർഡ്‌ പാർടി ഇൻഷുറൻസ്‌ പ്രീമിയത്തിന്‌ ഏർപ്പെടുത്തിയ ജിഎസ്‌ടി ഒഴിവാക്കി.

ഏതാനും ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഒരു ശതമാനം ദുരന്ത നിവാരണ സെസ്‌ ഏർപ്പെടുത്തുന്നത്‌ പരിശോധിക്കാൻ ബംഗാൾ, ആന്ധ്രാപ്രദേശ്‌, ഉത്തർപ്രദേശ്‌ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ അടങ്ങുന്ന സമിതി രൂപീകരിച്ചു. ആപ്പുകൾ വഴി നൽകുന്ന റസ്‌റ്ററന്റ്‌ സേവനങ്ങൾക്ക്‌ അഞ്ച്‌ ശതമാനം കോമ്പസിറ്റ്‌  നികുതി ഏർപ്പെടുത്താനുള്ള തീരുമാനവും നീട്ടി. ഇക്കാര്യം ഫിറ്റ്‌മെന്റ്‌ സമിതി പരിശോധിക്കും.
  ഓൺലൈനിൽ സേവനം നൽകുമ്പോൾ കൃത്യമായി ഏതു സംസ്ഥാനത്തുള്ള വ്യക്തിക്കാണ്‌ സേവനം ലഭിക്കുന്നതെന്ന്‌ ബില്ലിൽ രേഖപ്പെടുത്താൻ നിഷ്‌കർഷിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. കേരളം ദീർഘകാലമായി ആവശ്യപ്പെട്ടുവന്ന കാര്യമാണിത്‌.

  വ്യോമയാന ഇന്ധനം ജിഎസ്‌ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ സംസ്ഥാനങ്ങൾ എതിർത്തു. സംസ്ഥാനങ്ങളുടെ വരുമാനം ചോർത്തുന്ന പരിഷ്‌കാരങ്ങളോട്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ എതിർപ്പ്‌ രേഖപ്പെടുത്തി.

   2018ൽ പ്രളയ സെസ്‌ ഈടാക്കാൻ കേരളത്തിന്‌ അനുമതി നൽകിയതു പോലെ ആന്ധ്രപ്രദേശിനും അനുവാദം നൽകണമെന്ന്‌ അവർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരുകൾക്ക്‌ ആവശ്യമായ വിഭവസമാഹരണം നടത്താൻ പൊതുവെ അനുമതി നൽകണമെന്ന്‌ കേരളം  ആവശ്യപ്പെട്ടു.

കെട്ടിട വാടകയ്‌ക്ക് 
ജിഎസ്‌ടി ഒഴിവാക്കി


കെട്ടിട വാടകയ്‌ക്ക് ജിഎസ്‌ടി നൽകുന്നതിൽനിന്ന്‌ വ്യാപാരികളെ ഒഴിവാക്കാൻ ജിഎസ്‌ടി  കൗൺസിൽ യോഗത്തിൽ തീരുമാനം. ജിഎസ്‌ടി രജിസ്‌ട്രേഷൻ ഇല്ലാത്തവർ വ്യാപാര–-വാണിജ്യ ആവശ്യങ്ങൾക്ക്‌ കെട്ടിടം വാടകയ്‌ക്ക്‌ നൽകിയാൽ എടുക്കുന്നവർ വാടകയിന്മേൽ ജിഎസ്‌ടി അടയ്‌ക്കണമെന്ന്‌ 54–-ാം കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. കോമ്പൊസിഷൻ പദ്ധതിപ്രകാരം നികുതി അടയ്‌ക്കുന്ന ചെറുകിട വ്യാപാരികൾക്ക്‌ ഇത്‌ അധിക ബാധ്യതയായതിനാൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

 ഈ തീരുമാനം പിൻവലിക്കണമെന്ന്‌  രാജസ്ഥാനിലെ ജയ്‌സാൽമറിൽ ചേർന്ന 55–-ാം കൗൺസിൽ യോഗത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ശക്തമായി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന്‌, കോമ്പൊസിഷൻ പദ്ധതി പിന്തുടരുന്ന വ്യാപാരികളെ  റിവേഴ്‌സ്‌ ചാർജ്‌ ഇനത്തിലുള്ള നികുതിയിൽനിന്ന്‌ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top