30 September Monday

വിവാദ ആള്‍ദൈവം ഗുർമീതിന് വീണ്ടും 
പരോള്‍ നല്‍കാന്‍ നീക്കം

സ്വന്തം ലേഖകൻUpdated: Monday Sep 30, 2024

ന്യൂഡൽഹി > ബലാത്സംഗ, കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ട്‌ ജയിലിൽ കഴിയുന്ന ആൾദൈവം ഗുർമീത് റാം റഹീം വീണ്ടും പരോൾ അപേക്ഷ നൽകി. ഹരിയാനയിൽ ബിജെപിക്ക്‌ അധികാരം നഷ്‌ടപ്പെടുമെന്ന വിലയിരുത്തലിനിടെയാണിത്. 2017ൽ ശിക്ഷിക്കപ്പെട്ടശേഷം പത്ത്‌ തവണ പരോൾ അനുവദിക്കപ്പെട്ടു. 257 ദിവസം ഇയാൾ ജയിലിന്‌ പുറത്തായിരുന്നു. ഇത്‌ 11–-ാം പരോളിനുള്ള അപേക്ഷയാണ്‌. തെരഞ്ഞെടുപ്പ്‌ ചട്ടം നിലനിർക്കുന്നതിനാൽ റോത്തകിലെ സുനാരിയ ജയിൽ അധികൃതർ അപേക്ഷ തെരഞ്ഞെടുപ്പ്‌ കമീഷന്‌ കൈമാറി. പരോൾ അനുവദിക്കാനുള്ള അടിയന്തരസാഹചര്യം വിശദീകരിക്കാൻ കമീഷൻ ജയിൽ അധികൃതരോട്‌ ആവശ്യപ്പെട്ടു.

    അതേസമയം പരസ്യമായി ബിജെപിക്ക്‌ പിന്തുണ നൽകുന്ന ഗുർമീത് റാമിനെ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ പരോൾ നൽകിയിറക്കുന്നത്‌ രാഷ്‌ട്രീയതാൽപര്യം മുൻനിർത്തിയാണെന്ന വിമർശം ശക്തമാണ്‌.

ഹരിയാനയ്‌ക്ക്‌ പുറമേ പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, യുപി സംസ്ഥാനങ്ങളിൽ ലക്ഷങ്ങൾ ആൾദൈവമായി ആരാധിക്കുന്ന ഇയാളെ മുൻനിർത്തിയാണ്‌ ബിജെപി കഴിഞ്ഞ തവണയും ഹരിയാനയിൽ വോട്ടുപിടിച്ചത്‌.  വലിയതോതിൽ കർഷകരോഷം നേരിടുന്ന ബിജെപി ആൾദൈവത്തെ ഇറക്കിവോട്ടുപിടിക്കാനുള്ള ശ്രമത്തിലാണ്‌. പഞ്ചാബ്‌, യുപി തെരഞ്ഞെടുപ്പുകൾക്ക്‌ മുന്നോടിയായും ഹരിയാനയിലെ ബിജെപി സർക്കാർ ഇയാൾക്ക്‌ പരോൾ നൽകിയിരുന്നു. പുറത്തിറങ്ങിയ ഇയാൾ ബിജെപിക്ക്‌ പരസ്യ പിന്തുണയും പ്രഖ്യാപിച്ചു.

        അനുയായികളായ രണ്ട്‌ സ്‌ത്രീകളെ ബലാത്സംഗം ചെയ്‌ത കേസിലും ഇത്‌ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിലുമാണ്‌ ഇയാൾക്ക്‌ 20 വർഷം കഠിന തടവ്‌ വിധിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top