വാഷിങ്ടൺ
സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ അമേരിക്കയിൽ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി (റോ) മുൻ ജീവനക്കാരന്‍ വികാസ് യാദവിനെതിരെ അമേരിക്കയില്‍ അറസ്റ്റ് വാറന്റ്. കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും യുഎസ് നീതിന്യായ വകുപ്പ് വികാസിനെതിരെ നേരത്തെ കുറ്റംചുമത്തിയിരുന്നു. പിന്നാലെയാണ് എഫ്ബിഐ വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞദിവസമാണ് പന്നു വധശ്രമക്കേസില്‍ പങ്കുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥന് വികാസ് യാദവാണെന്ന് അമേരിക്ക വെളിപ്പെടുത്തിയത്. വികാസ് യാദവിന് റോയുമായി ബന്ധമില്ലെന്ന്, പിന്നാലെ ഇന്ത്യന്‍ വിദേശമന്ത്രാലയം പ്രസ്‌താവന ഇറക്കി.
ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ചയാളാണ് യുഎസ്, കനേഡിയൻ പൗരത്വമുള്ള പന്നു. നിഖിൽ ഗുപ്‌തയെന്ന ഇന്ത്യൻ പൗരൻ മുഖേന പന്നുവിനെ വധിക്കാൻ വികാസ് പദ്ധതിയിട്ടെന്നാണ് ആരോപണം. ന്യൂയോർക്കിൽ വച്ച് നിഖിൽ ഗുപ്‌ത വഴി യുഎസിലുള്ള വാടകക്കൊലയാളികൾക്ക് പന്നുവിനെ വധിക്കാനുള്ള ക്വട്ടേഷൻ നൽകിയെന്ന് കുറ്റപത്രത്തിലുണ്ട്. കൊലയാളി സംഘത്തിന് ഒരു ലക്ഷം ഡോളറാണ് വികാസ് വാഗ്‌ദാനം ചെയ്‌തതെന്നും പറയുന്നു. ജൂണിൽ ചെക് റിപ്പബ്ലിക്കിലെ പ്രാഗിൽ വച്ച് നിഖിൽ ഗുപ്‌ത അറസ്റ്റിലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..