05 November Tuesday

ജനിതകമാറ്റം വരുത്തിയ കടുകിനുള്ള അംഗീകാരം ; ഭിന്നവിധിയുമായി 
സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024


ന്യൂഡൽഹി
ജനിതക മാറ്റം വരുത്തിയ കടുക്‌ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന്‌ കേന്ദ്രസർക്കാർ നൽകിയ അംഗീകാരം ചോദ്യംചെയ്‌തുള്ള ഹർജികളിൽ ഭിന്നവിധിയുമായി സുപ്രീംകോടതി. ‘എച്ച്‌ ടി മസ്‌റ്റാർഡ്‌–-ഡിഎംഎസ്‌ 11’ എന്ന്‌ പേരിട്ട കടുക്‌ വിത്തിനത്തിന്‌ ജനിറ്റിക് എൻജിനിയറിങ്ങ്‌ അപ്രൈസൽ കമ്മിറ്റിയും(ജിഇഎസി) വനംപരിസ്ഥിതിമന്ത്രാലയവും നൽകിയ അംഗീകാരം ജസ്‌റ്റിസ്‌ ബി വി നാഗരത്ന റദ്ദാക്കി. എന്നാൽ,  ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്‌റ്റിസ്‌ സഞ്‌ജയ്‌കരോൾ അംഗീകാരം ശരിവെച്ചു. ഭിന്നവിധി ഉണ്ടായതോടെ ഹർജികൾ വിശാലബെഞ്ചിന് വിടാൻ ചീഫ്‌ജസ്‌റ്റിസിനോട്‌ ആവശ്യപ്പെടാൻ രജിസ്‌ട്രിയോട്‌ കോടതി നിർദേശിച്ചു.

ജസ്‌റ്റിസ്‌ 
നാഗരത്നയുടെ വിധി
ജനിതകമാറ്റം വരുത്തിയ കടുക്‌ വിത്തുകൾ കൃഷി ചെയ്യാനുള്ള തീരുമാനം പൊതുജനതാൽപ്പര്യങ്ങൾക്ക്‌ എതിരാണ്‌. ആരോഗ്യത്തിന്‌ സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളികൾ ഉൾപ്പടെയുള്ള വശങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കാതെ തിടുക്കത്തിലെടുത്ത തീരുമാനമാണിത്. ജനിതകമാറ്റം വരുത്തിയ കടുക്‌ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ഫുഡ്‌സേഫ്‌റ്റി ആൻഡ്‌ സ്‌റ്റാൻഡേർഡ്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ) പഠനം നടത്തിയിട്ടില്ല.

ജസ്‌റ്റിസ്‌ സഞ്‌ജയ്‌
കരോളിന്റെ വിധി
ജിഎം കടുകിനുള്ള അംഗീകാരം റദ്ദാക്കേണ്ട കാര്യമില്ല. കേന്ദ്രസർക്കാരിന്റെ കർശനമേൽനോട്ടം മതി.

ആശങ്ക പരിഹരിക്കണം: കിസാൻസഭ
ജിഎം കടുകുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും വിശദമായ ചർച്ചകളും കൂടിയാലോചനകളും നടത്തിയ ശേഷമേ വിഷയത്തിൽ കേന്ദ്രസർക്കാർ തുടർനടപടികൾ സ്വീകരിക്കാവൂവെന്ന്‌ അഖിലേന്ത്യാ കിസാൻസഭ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. നൂതനചുവടുവെപ്പുകൾക്ക്‌ കിസാൻസഭ എതിരല്ല. എന്നാൽ, ജൈവസമൃദ്ധിയും സുരക്ഷയും ബലികൊടുത്തുള്ള നടപടികൾ ഒഴിവാക്കണം. ജി എം കടുകുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിടാനും ആശങ്കകൾ പരിഹരിക്കാനും സർക്കാർ തയ്യാറാകണമെന്നും കിസാൻസഭ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top