ന്യൂഡൽഹി
രണ്ടാം സ്ഥാനാർഥിപ്പട്ടികയും പുറത്തുവിട്ടതിന് പിന്നാലെ ഹരിയാന ബിജെപിയിലെ തമ്മിലടിയും തർക്കവും മുറുകി. സ്ഥാനാർഥി നിർണയത്തിൽ മുഖ്യമന്ത്രി നയാബ്‌സിങ് സെയ്‌നിയുടെ നിർദേശങ്ങൾ നേതൃത്വം ചെവിക്കൊണ്ടില്ലെന്ന് മുൻമന്ത്രിയും ഹരിയാനാ ഒബിസി മോർച്ച മുൻ പ്രസിഡന്റുമായ കരൺദേവ് കാംബോജ് തുറന്നടിച്ചു. അർഹതയുള്ള പല നേതാക്കളെയും മൂലയ്ക്കിരുത്തി പുതുമുഖങ്ങളെ രംഗത്തിറങ്ങിക്കിയതിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
ബിജെപിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ 67 പേരാണ് പ്രഖ്യാപിച്ചിരുന്നത്. നിരവധി മന്ത്രിമാർക്കും എംഎൽഎമാർക്കും സീറ്റ് നിഷേധിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പിന്നാലെ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പടെ 20ഓളം നേതാക്കൾ പാർടിയിൽനിന്നും രാജിവച്ചത് ബിജെപിക്ക് കനത്തതിരിച്ചടിയായി. രാജിവച്ച പ്രമുഖനേതാക്കളിൽ പലരും മറ്റ് പാർടികളിലേക്ക് ചേക്കേറാനോ സ്വതന്ത്രരായി മത്സരിക്കാനോ ഉള്ള തയ്യാറെടുപ്പിലാണ്. ചൊവ്വാഴ്‌ച്ച പുറത്തിറക്കിയ രണ്ടാം പട്ടികയിൽ 21 പേരുണ്ട്. രണ്ടാം പട്ടികയിൽനിന്നും രണ്ട് മന്ത്രിമാർ ഉൾപ്പടെ ആറ് എംഎൽഎമാരെ ഒഴിവാക്കി.
അതിശക്തമായ ഭരണവിരുദ്ധവികാരം നിലനിൽക്കുന്ന ഹരിയാനയിൽ പടലപ്പിണക്കങ്ങൾ കൂടിയായതോടെ ബിജെപി പൂർണമായും പ്രതിരോധത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..