22 December Sunday

ബിജെപിയെ ചെറുക്കാന്‍ കോണ്‍​ഗ്രസ് പോര ; പൂർണ പരാജയമായി 
കെ സി വേണുഗോപാല്‍

എം പ്രശാന്ത്‌Updated: Wednesday Oct 9, 2024


ന്യൂഡൽഹി
ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ മുഖാമുഖം എതിരിടാൻ കോൺഗ്രസിന്‌ ഒട്ടും പ്രാപ്‌തിയില്ലെന്ന്‌ ആവർത്തിച്ച്‌ തെളിയിക്കുന്നു ഹരിയാന, ജമ്മു -കശ്‌മീര്‍ ഫലം. ഹരിയാനയിൽ ബിജെപിക്കെതിരെയുള്ള കടുത്ത ഭരണവിരുദ്ധവികാരം മുതലെടുക്കാൻ കോൺഗ്രസിനായില്ല. ജമ്മു കശ്‌മീരിൽ 39 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ജയിച്ചത് ആറിടത്ത്. ജമ്മു മേഖലയിൽ ബിജെപിയുമായി നേരിട്ട്‌ ഏറ്റുമുട്ടിയ 26 മണ്ഡലങ്ങളിൽ രജൗരി ഒഴികെ 25ലും തോറ്റു. നാഷണൽ കോൺഫറൻസ്‌ പിന്തുണയിൽ കശ്‌മീർ താഴ്‌വരയിൽ മാത്രമാണ്‌ കോൺഗ്രസിന്‌ ആശ്വാസവിജയങ്ങൾ. 

ജോഡോ യാത്രകളിലൂടെ ഉത്തരേന്ത്യയിൽ തിരിച്ചുവരുകയാണ്‌ എന്നാണ്‌ നേതാക്കൾ അവകാശപ്പെട്ടത്‌. ഹരിയാനയിൽ ബിജെപിയെ താഴെയിറക്കുമെന്നും അവകാശപ്പെട്ടു. താഴെത്തട്ടിൽ സംഘടന ശക്തിപ്പെടുത്താതെ അമിത ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ്‌ നേരിട്ടത്‌. ചെറുകക്ഷികളെ അകറ്റിനിർത്തി. എഎപിക്ക്‌ മൂന്നിലധികം സീറ്റ്‌ നൽകില്ലെന്ന് ശഠിച്ചു.  മുഖ്യമന്ത്രിസ്ഥാനത്തിനായി നേതാക്കൾ കടിപിടി കൂടി. എഎപി പിടിച്ച രണ്ട്‌ ശതമാനത്തോളം വോട്ടുവിഹിതം ഇഞ്ചോടിഞ്ച്‌ മത്സരത്തിൽ നിർണായകമായി. കോൺഗ്രസ്‌–- എഎപി സഖ്യമുണ്ടായിരുന്നെങ്കിൽ ബിജെപിയെ അഞ്ച്‌ സീറ്റിലെങ്കിലും തോൽപ്പിക്കാമായിരുന്നു.

ജമ്മു കശ്‌മീരിൽ നാഷണൽ കോൺഫറൻസിന്റെ കരുത്തിലാണ്  ആറ്‌ സീറ്റെങ്കിലും കിട്ടിയത്‌. 32 സീറ്റിൽ എൻസിയുമായി സഖ്യത്തിൽ മത്സരിച്ചു.  ഏഴ്‌ സീറ്റിൽ എൻസിയുമായി കോൺഗ്രസ്‌  സൗഹൃദമത്സരത്തിനും മുതിർന്നു. ഏഴിടത്തും കോൺഗ്രസ്‌ തകർന്നെന്ന്‌ മാത്രമല്ല ദോഡ, ബന്ധർവാൽ സീറ്റുകൾ എൻസിക്ക്‌ നഷ്ടമാകുകയും ചെയ്‌തു. കോൺഗ്രസ്‌ ജയിച്ച ആറ്‌ സീറ്റിൽ അഞ്ചിടത്തും ബിജെപി ആയിരുന്നില്ല മുഖ്യപ്രതിയോഗി. അനന്ത്‌നാഗിലും ദൂരുവിലും വഗൂര–-ക്രീരിയിലും പിഡിപിയും ബന്ദിപുരയിലും സെൻട്രൽ ഷാൽടെങിലും സ്വതന്ത്ര സ്ഥാനാർഥികളുമായിരുന്നു എതിരാളികൾ.  

എൻസിയുമായുള്ള സീറ്റുചർച്ചയിൽ 32 സീറ്റുകൾ കിട്ടിയില്ലെങ്കിൽ സഖ്യം വിടുമെന്നായിരുന്നു സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ളവരുടെ ഭീഷണി.  ബിജെപി ജയിച്ചാലും വേണ്ടില്ല പരമാവധി സീറ്റില്‍ മത്സരിക്കണമെന്നായിരുന്നു  പിടിവാശി.

പൂർണ പരാജയമായി 
കെ സി വേണുഗോപാല്‍
കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറിയെന്ന ഉത്തരവാദിത്വം നിർവഹിക്കാൻ പ്രാപ്‌തനല്ല കെ സി വേണുഗോപാലെന്ന്‌ അടിവരയിടുന്നു തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ. ഹരിയാനയിൽ തോൽവിയുടെ മുഖ്യ ഉത്തരവാദിത്തം വേണുഗോപാലിനുതന്നെ. ജമ്മു–-കശ്‌മീരിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിനും അദ്ദേഹം മറുപടി പറയേണ്ടതുണ്ട്‌. ഹരിയാനയിലും ജമ്മു -കശ്‌മീരിലും കോൺഗ്രസ്‌ വൻവിജയം നേടുമെന്ന്‌ വോട്ടെണ്ണലിന്‌ തൊട്ടുമുമ്പുവരെ മാധ്യമങ്ങളോട്‌ പറഞ്ഞ വേണുഗോപാൽ ഫലം വന്നശേഷം മിണ്ടിയിട്ടില്ല.

പിൻവാതിലിലൂടെ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും ‘ഗുഡ്‌ബുക്കി’ൽ കയറിപ്പറ്റിയതിനാൽ മാത്രമാണ്‌ തുടർച്ചയായി തോൽവികളിലും വേണുഗോപാലിന്റെ കസേര തെറിക്കാത്തത്‌.  ജമ്മു -കശ്‌മീരിൽ 32 സീറ്റ്‌ നാഷണൽ കോൺഫറൻസിൽനിന്ന്‌ പിടിച്ചുവാങ്ങാൻ മുന്നിൽനിന്നത്‌ വേണുഗോപാലാണ്‌. ബിജെപിയെ ഐക്യത്തോടെ നേരിടണമെന്ന താൽപ്പര്യം കൊണ്ടുമാത്രം കോൺഗ്രസിന്റെ പിടിവാശിക്ക്‌ എൻസി വഴങ്ങി. സഖ്യമര്യാദകൾ ലംഘിച്ച്‌ ഏഴ്‌ സീറ്റിൽ എൻസിക്കെതിരെ മൽസരിച്ച ജമ്മു-കശ്‌മീർ ഘടകത്തെ പിന്തിരിപ്പിക്കാനും വേണുഗോപാൽ മെനക്കെട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top