ന്യൂഡൽഹി
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർഷകരുടെയും യുവജനങ്ങളുടെയും പ്രതിഷേധങ്ങൾക്കും ചോദ്യശരങ്ങൾക്കും മുന്നിൽ വലഞ്ഞ് ബിജെപി. സ്വന്തം മണ്ഡലമായ ലാഡ്‌വയിലെ പൊതുയോഗത്തിനെത്തിയ മുഖ്യമന്ത്രി നയാബ് സിങ് സൈനിയും പ്രതിഷേധച്ചൂടറിഞ്ഞു. യോഗം കഴിഞ്ഞ് മടങ്ങവേ സൈനിയെ കർഷകരും യുവാക്കളും കരിങ്കൊടി കാട്ടി. മിനിമം താങ്ങുവിലയ്‌ക്ക് നിയമ പരിരക്ഷയെന്ന പ്രധാന ആവശ്യം ബിജെപി അവഗണിച്ചതാണ് കർഷകരെ പ്രകോപിപ്പിച്ച്. പത്തുവർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് കീഴിൽ തൊഴിലില്ലായ്‌മ വർധിച്ചതും സൈന്യത്തിൽ കരാർവൽക്കരണം കൊണ്ടുവന്ന അഗ്നിവീർ പദ്ധതിയും യുവാക്കളെ ശത്രുപക്ഷത്താക്കി.
മുൻ ആഭ്യന്തരമന്ത്രിയും സ്ഥാനാർഥിയുമായ അനിൽ വിജിന്റെ അംബാലയിലെ യോഗം പകുതിയിൽ മുടങ്ങി. പഞ്ചാബ് അതിർത്തിയിൽ കർഷകർ ശുഭ്‌കരൺ സിങിനെ വെടിവെച്ചുകൊന്നതും എംഎസ്‌പിയുമാണ് കർഷകർ യോഗങ്ങളിലെത്തി ബിജെപി സ്ഥാനാർഥികളോട് ചോദിക്കുന്നത്. നർവാനയിലെ ബിജെപി സ്ഥാനാർഥി കൃഷ്ണ ബേദിയോട് കർഷക സമരത്തെ എന്തുകൊണ്ട് പിന്തുണച്ചില്ലെന്ന ചോദ്യം ഉയർന്നു. ഭിഖേവാലയിൽ ബേദിയെ കരിങ്കൊടി കാട്ടി. വോട്ടുതേടി ലഡയാൻ ഗ്രാമത്തിയെത്തിയ ഝജ്ജറിലെ സ്ഥാനാർഥി ക്യാപ്റ്റൻ ബിർദാനയെ ജനം വെള്ളക്കെട്ടിൽ ഇറക്കിനിർത്തി. മഴയിൽ ഗ്രാമം മുങ്ങിയിട്ടും സർക്കാർ ഒന്നും ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു രോഷപ്രകടനം. ശക്തികേന്ദ്രമായ ഹിസാറിലെ അധംപൂരിൽ സിറ്റിങ് എംഎൽഎയായ സ്ഥാനാർഥി ഭവ്യ ബിഷ്‌ണോയിയെ കഴിഞ്ഞ ദിവസം ജനം തടഞ്ഞു. അംബാല ജില്ലയിലെ നരൈൻഗറിൽ സ്ഥാനാർഥിയായ പവൻ സൈനിയെ ഗ്രാമത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി.
ഫരീദാബാദ് ജില്ലയിലെ ബദ്ഖലിലെ സ്ഥാനാർഥി ധനേഷ് അദ്‌ലാഖയെ ദാബുവയ്ക്കും നവാഡയ്ക്കും ഇടയിൽ തടഞ്ഞിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർഥികൾ സമാനമായ പ്രതിഷേധമാണ് നേരിട്ടത്. അതിനിടെ, തനിക്ക് വോട്ടുചെയ്‌തില്ലെങ്കിൽ ജോലിയിൽനിന്ന് പുറത്താക്കുമെന്ന് ലോഹരു മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ജയ് പ്രകാശ് ദലാൽ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു.
കോൺഗ്രസ് സ്ഥാനാർഥിയുടെ
വാഹനവ്യൂഹത്തിലേക്ക് വെടിവയ്‌പ്
ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് സ്ഥാനാർഥിയുടെ വാഹനവ്യൂഹത്തിന് നേർക്ക് വെടിവയ്‌പ്. കൽക്കയിൽ മത്സരിക്കുന്ന സിറ്റിങ് എംഎൽഎയായ പ്രദീപ് ചൗധരിയുടെ വാഹനവ്യൂഹത്തിനുനേരെ പഞ്ച്‌ഗുള ജില്ലയിലെ റായ്‌പൂർ റാണിക്ക് സമീപമുള്ള ഭരൗലി ഗ്രാമത്തിൽ പകൽ മൂന്നിനാണ് ആക്രമണമുണ്ടായത്. സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്ന സഹായി ഗോൾഡി ഖേഡിക്ക് രണ്ടുതവണ വെടിയേറ്റു. ചണ്ഡീഗഡിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഗോൾഡിയുടെ നില ഗുരുതരമാണ്. പ്രദീപ് ചൗധരിക്ക് പരിക്കില്ല. കോൺഗ്രസ് പ്രവർത്തകനായ ഗോൾഡി നേരത്തെ ക്രിമിനൽ കേസിൽ പെട്ടിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..