25 September Wednesday

ഹരിയാന തെരഞ്ഞെടുപ്പ്‌ ; ജാതിക്കല്ല , ജീവൽപ്രശ്‌നങ്ങൾക്കാണ്‌ വോട്ട്‌

ഭിവാനിയിൽനിന്ന്‌ 
റിതിൻ പൗലോസ്‌Updated: Wednesday Sep 25, 2024

സിപിഐ എം സ്ഥാനാര്‍ഥി ഓം പ്രകാശിനെ സ്വീകരിക്കുന്ന ഭിവാനിയിലെ വോട്ടര്‍മാര്‍


കർഷകരുടെയും സാധാരണക്കാരുടെയും ജീവിതം ബിജെപി ദുഷ്‌ക്കരമാക്കിയതെങ്ങനെയെന്ന്‌ ഭിവാനി നഗരഹൃദയത്തിലെ തെരഞ്ഞെടുപ്പ്‌ യോഗത്തിൽ വിശദീകരിക്കുകയാണ്‌ സിപിഎ എം സ്ഥാനാർഥി ഓംപ്രകാശ്‌. ഏറ്റവും പിൻനിരയിൽ, ജെജെപി പ്രവർത്തകനായ അനിൽ ശർമയെ കണ്ടു. ആര്‌ ജയിക്കുമെന്ന ചോദ്യത്തിന്‌ ജനങ്ങൾ ജയിക്കുമെന്ന്‌ ഹരിയാൻവി കലർന്ന ഹിന്ദിയിൽ ഉടൻ മറുപടി. ‘ജാതി പറഞ്ഞ്‌ വോട്ടുപിടിക്കാൻ ഇത്തവണ ഭിവാനിയിൽ ആർക്കും കഴിയില്ല. ജാട്ട്‌ സമുദായാംഗമായ തനിക്ക്‌ ചൗട്ടാലാജിക്ക്‌‌ (ജെജെപി നേതാവ്‌ ദുഷ്യന്ത്‌ ചൗട്ടാല) വോട്ട്‌ ചെയ്‌താൽ മതിയായിരുന്നു. ഇത്തവണ ജാട്ടും ബനിയയും  രാജ്‌പുത്തുമല്ല, ജനങ്ങളാണ്‌ തീരുമാനിക്കുക. ഞങ്ങളുടെ കൃഷിയും ജോലിയും വരുമാനവുമെല്ലാം പോയി. ബിജെപി ഇനിയും തുടർന്നാൽ നാടുവിടേണ്ടി വരും–- വാക്കിൽ  പ്രതീക്ഷയും രോഷവുമുണ്ട്‌.

തനിക്കൊപ്പം ഗ്രാമത്തിലെ മറ്റ്‌ ജെജെപിക്കാരും യോഗത്തിലിരിപ്പുണ്ടെന്നും അനിൽ പറഞ്ഞു. കണ്ടുമുട്ടിയ അഭിജിത്‌ ശർമയ്‌ക്കും ജാതിയല്ല ഇത്തവണ പ്രധാനമെന്ന അഭിപ്രായമാണ്‌. ‘ഭിവാനിയുടെ മാത്രമല്ല, ഹരിയാനയുടെ പ്രശ്‌നമാണ്‌ എന്തിനും ജാതി നോക്കൽ.  ഇത്തവണ ഇന്ത്യ കൂട്ടായ്‌മയ്‌ക്ക്‌ വലിയ വിജയമുണ്ടാകും. കോമ്രേഡിനെ അറിയാത്ത ആരുണ്ടിവിടെ–-പാർടി ചിഹ്നം കൗതുകത്തോടെ നോക്കുന്ന ബാലനെ ചൂണ്ടി  -മുപ്പതുകാരൻ പറഞ്ഞു.

കണക്കുകൂട്ടലുകള്‍ തെറ്റി ബിജെപി
ഭിവാനിയിൽ ബ്രാഹ്മണർ, ബനിയ, രാജ്‌പുത്‌ വിഭാഗങ്ങൾക്കാണ്‌ മേൽക്കൈ. മുന്നാക്കവോട്ടുകൾ കുത്തകയാക്കിയ ബിജെപിക്കും സ്ഥാനാർഥി ഘനശ്യാം ഷറാഫിനും കാര്യങ്ങൾ ഒട്ടും പന്തിയല്ല. ബനിയ സമുദാംഗമായ ഷറാഫിനെ രണ്ടുതവണ പിന്തുണച്ച രാജ്‌പുത്‌, ബ്രാഹ്മണ വിഭാഗങ്ങൾക്കിടയിൽ ഇത്തവണ വോട്ട് വിഭജിക്കപ്പെടും. എഎപിയുടെ ഇന്ദുശർമയും കോൺഗ്രസ്‌ വിമതനായ അഭിജിത്‌ ലാലും മുന്നാക്കവിഭാഗമാണ്‌. കഴിഞ്ഞ തവണ 21 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ഷറാഫ്‌ ജയിച്ചത്‌.  മുന്നാക്കവോട്ടുകൾ വിഭജിച്ചു കഴിഞ്ഞെന്നും എന്നാൽ ജാതിയല്ല പ്രധാന പ്രശ്‌നമാകുകയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി സുരേന്ദർ സിങ്‌ പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ചയാക്കാൻ പാർടിക്ക്‌ കഴിഞ്ഞു. എല്ലാ വിഭാഗങ്ങൾക്കായും പ്രവർത്തിക്കുന്ന സർവസമ്മതനായ സ്ഥാനാർഥിയാണ്‌ ഓംപ്രകാശ്‌. വിജയം കൈയകലത്തുണ്ട്‌–-അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top