05 November Tuesday

ഹരിയാന നാളെ ബൂത്തിലേക്ക്‌ ; ഓം പ്രകാശിന്‌ 
പിന്തുണ പ്രഖ്യാപിച്ച്‌ ഹരിയാന സർവ്ഹിത്‌ പാർടി

സ്വന്തം ലേഖകൻUpdated: Friday Oct 4, 2024


ന്യൂഡൽഹി
ഭരണവിരുദ്ധ വികാരത്തിൽപ്പെട്ട്‌ ബിജെപി പ്രതിസന്ധിയിലായിരിക്കെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം വ്യാഴാഴ്‌ച അവസാനിച്ചു. വെള്ളിയാഴ്‌ച നിശബ്‌ദ പ്രചാരണം നടക്കും. ശനിയാഴ്‌ചയാണ്‌ വോട്ടെടുപ്പ്‌. അതിനിടെ, മുൻ എംപി അശോക്‌ തൻവർ ബിജെപിയിൽനിന്ന്‌ കോൺഗ്രസിലേക്ക്‌ മടങ്ങിയെത്തി. രാഹുൽ ഗാന്ധിയുടെ റാലിക്കിടെയാണ്‌ അശോക്‌ തൻവർ കോൺഗ്രസിൽ ചേർന്നത്‌. മണിക്കൂറുകൾക്കു മുമ്പുവരെ ബിജെപിക്ക്‌ പരസ്യമായി വോട്ട്‌ അഭ്യർഥിച്ചതിന്‌ പിന്നാലെയാണ്‌ കോൺഗ്രസിന്റെ ഹരിയാനയിലെ മുൻ അധ്യക്ഷനായിരുന്ന തൻവർ മടങ്ങിയെത്തിയത്‌. ഭൂപേന്ദർ സിങ്‌ ഹൂഡയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്‌ 2019ൽ കോൺഗ്രസ്‌ വിട്ട തൻവർ തൃണമൂൽ കോൺഗ്രസിലാണ്‌ ചേർന്നത്‌. തുടർന്ന് എഎപിയിലും ബിജെപിയിലും ചേക്കേറി.

പ്രചാരണത്തിന്‌ 
സെവാഗും
തോഷം മണ്ഡലത്തിലെ കോൺഗ്രസ്‌ സ്ഥാനാർഥി അനിരുദ്ധ്‌ ചൗധരിക്കുവേണ്ടി വോട്ടുചോദിച്ച്‌ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം വിരേന്ദർ സെവാഗ്‌. ചൗധരിയേയും കോൺഗ്രസിനെയും വിജയിപ്പിക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ റാലിയിൽ അദ്ദേഹം അഭ്യർഥിച്ചു. ബിസിസിഐ പ്രസിഡന്റായിരുന്ന രൺബീർ സിങ്‌ മഹേന്ദ്രയുടെ മകനാണ്‌ അനിരുദ്ധ്‌.

ഓം പ്രകാശിന്‌ 
പിന്തുണ
ഭിവാനിയിലെ സിപിഐ എം സ്ഥാനാർഥി ഓം പ്രകാശിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഹരിയാന സർവ്ഹിത്‌ പാർടി. ജനകീയ പോരാട്ടങ്ങളുടെ നേതാവായ അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന്‌ സർവ്ഹിത്‌ നേതാവ്‌ സോംബീർ സിങ്‌ വോട്ടർമാരോട്‌ അഭ്യർഥിച്ചു. കോൺഗ്രസ്‌ വിമതയായി പത്രിക നൽകിയശേഷം പിൻവലിച്ച നീലം അഗർവാളും ഓംപ്രകാശിനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്‌തു. ഭിവാനി ബാർ അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top