ന്യൂഡൽഹി
ഹരിയാനയിൽ നാലുമാസം മുമ്പുനടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ടുവിഹിതം 8.52 ശതമാനം ഇടിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഞ്ചുസീറ്റിൽ ജയിച്ച കോൺഗ്രസിന്റെ വോട്ടുവിഹിതം 47.61 ശതമാനമായിരുന്നു. അഞ്ചു സീറ്റിൽ ജയിച്ച ബിജെപിക്ക് 46.11 ശതമാനം വോട്ടും. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ടുവിഹിതം 39.09 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ബിജെപിയുടെ വോട്ടുവിഹിതവും 39.94 ശതമാനത്തിലേക്ക് ഇടിഞ്ഞെങ്കിലും 48 സീറ്റിൽ ജയിക്കാനായി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 46 നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്താൻ കോൺഗ്രസിനായി. 44 നിയമസഭാ സീറ്റുകളിലായിരുന്നു ബിജെപി മുന്നിലെത്തിയത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നിലെത്തിയ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്നോക്കം പോയി. ബിജെപിയാകട്ടെ നാല് നിയമസഭാ മണ്ഡലങ്ങൾ അധികം നേടി.
സൈനി തുടരും;
അനിൽ വിജിനും മോഹം
കോൺഗ്രസ് ദൗർബല്യം മുതലലെടുത്ത് തുടർച്ചയായി മൂന്നാമതും ബിജെപി അധികാരം പിടിച്ച ഹരിയാനയിൽ നയാബ് സിങ് സൈനി മുഖ്യമന്ത്രി പദവിയിൽ തുടർന്നേക്കും. ദസറ ദിനമായ ശനിയാഴ്‌ച സത്യപ്രതിജ്ഞയുണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സൈനി ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. അതിനിടെ, മുഖ്യമന്ത്രിമോഹം മുതിർന്ന നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ അനിൽ വിജ് വീണ്ടും പരസ്യമാക്കി. താനാണ് മുതിർന്ന നേതാവെന്നും ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചാൽ മുഖ്യമന്ത്രിയാകുമെന്നും അംബാല കാന്റിൽ ജയിച്ച വിജ് പറഞ്ഞു. കർഷക പ്രക്ഷോഭം അലയടിച്ചതോടെ മനോഹർലാൽ ഖട്ടറിനെ മാറ്റി ഒബിസി വിഭാഗാംഗമായ നയാബ് സിങ് സൈനിയെ ആറുമാസം മുമ്പാണ് മുഖ്യമന്ത്രിയാക്കിയത്.
3 സ്വതന്ത്രർ
ബിജെപിയിൽ
ഹിസാറില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജയിച്ച വ്യവസായ പ്രമുഖ സാവിത്രി ജിൻഡാൽ ബിജെപിയെ പിന്തുണക്കും.
സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച് ജയിച്ച ദേവേന്ദർ കഡിയാൻ, രാജേഷ് ജൂൺ എന്നിവരും ബിജെപിയിൽ ചേർന്നു. ഇതോടെ ബിജെപിയുടെ അംഗബലം 51 ആയി. കോൺഗ്രസിന് 37 എംഎൽഎമാരാണുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..