ന്യൂഡൽഹി> ഹരിയാനയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ഇന്ത്യ മുന്നണി നേടിയ ലീഡ് കുറഞ്ഞു. തുടക്കത്തില്‍ ഇന്ത്യ മുന്നണി മുന്നേറ്റമായിരുന്നെങ്കിലും വോട്ടെണ്ണല്‍ തുടങ്ങി രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി സ്ഥാനാർഥികൾ ലീഡ് നേടി.48 സീറ്റിൽ ബി ജെ പി ലീഡ് ചെയ്യുകയാണ്. എന്നാൽ കശ്മീരിൽ ചിത്രം തിരിച്ചാണ്. കോൺഗ്രസ് സഖ്യം 48 സീറ്റിൽ മുന്നിലാണ്. ബി ജെ പി 28 സീറ്റിലും പിഡിപി നാല് സീറ്റിലും മുന്നേറുന്നു.
ഹരിയാനയിൽ 90 അംഗ സഭയിലെ കേവല ഭൂരിപക്ഷം 46 ആണ്. സ്വതന്ത്രരും ചെറുകക്ഷികളുമായി അഞ്ച് സീറ്റില്‍ ലീഡ് ചെയ്യുന്നവർ ഇരു മുന്നണികൾക്കും നിർണായകമാവും.
എക്‌സിറ്റ്‌പോളുകളെല്ലാം കോണ്ഗ്രസിന്റെ തിരിച്ചുവരവ് പ്രവചിപ്പിച്ചിരുന്നു. 55 സീറ്റ് വരെയായിരുന്നു കോണ്ഗ്രസിന് പ്രധാന എക്‌സിറ്റ് പോളുകളുടെയെല്ലാം പ്രവചനം.
വിമതശല്യവും കർഷക സമരവും ജെ.ജെ.പിയുടെ പിണക്കവും ലോക്‌സഭയ്ക്ക് പുറമെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്തിയിരുന്നു. ആദ്യ ഘട്ടം കോണ്ഗ്രസ് വ്യക്തമായ മുന്നേറ്റവും നടത്തിയിരുന്നു.
ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേക്ക് ശനിയാഴ്‌ചയാണ് വോട്ടെടുപ്പ് നടന്നത്. 1031 സ്ഥാനാർത്ഥികളാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ 101 പേർ സ്ത്രീകളായിരുന്നു. 65.65 ശതമാനമായിരുന്നു പോളിംഗ്.
കനത്ത സുരക്ഷയിൽ മൂന്നു ഘട്ടമായാണ് ജമ്മുകശ്‌മീരിൽ തെരഞ്ഞെടുപ്പ് നടന്നത്. പ്രത്യേക പദവി റദ്ദാക്കി പത്ത് വർഷത്തിന് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. ആദ്യഘട്ട വോട്ടെടുപ്പിൽ 61.13 ശതമാനവും രണ്ടാം ഘട്ടത്തിൽ 56.31 ശതമാനവും മൂന്നാം ഘട്ടത്തിൽ 65.48 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..