ന്യൂഡൽഹി
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ പശ്‌ചാത്തലത്തിൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ചെറുപാർടികളുമായി സഖ്യംചേരാൻ ബിജെപി നീക്കമാരംഭിച്ചു. എൻഡിഎയുടെ ഭാഗമായ ആർഎൽഡിയുമായി ബിജെപി സഖ്യചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. നാല് സീറ്റാണ് ആർഎൽഡി ആവശ്യപ്പെടുന്നത്. ജെസീക്ക ലാൽ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന മനു ശർമയുടെ അച്‌ഛൻ വിനോദ് ശർമയുടെ ഹരിയാന ജൻചേതനാ പാർടി, ഗോപാൽ കാണ്ഡയുടെ ഹരിയാന ലോക്‌ഹിത് പാർടി എന്നീ കക്ഷികളുമായും ബിജെപി സഖ്യത്തിന് ശ്രമിക്കുന്നുണ്ട്.
ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി വ്യാഴാഴ്‌ച യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡ തുടങ്ങിയവർ പങ്കെടുത്തു. 90 സീറ്റുള്ള ഹരിയാനയിൽ ഒക്‌ടോബർ ഒന്നിന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 40 സീറ്റ് കിട്ടിയ ബിജെപി 10 സീറ്റുള്ള ജെജെപിയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കുകയായിരുന്നു. കോൺഗ്രസിന് 31 സീറ്റാണ് കിട്ടിയത്. ബിജെപി സർക്കാരിനുള്ള പിന്തുണ ഈ വർഷം ആദ്യം ജെജെപി പിൻവലിച്ചിരുന്നു. ആസാദ് സമാജ് പാർടിയുമായി സഖ്യത്തിലാണ് ജെജെപി ഇക്കുറി മത്സരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..