24 November Sunday

ഹരിയാനയില്‍ കുഴങ്ങി കോൺഗ്രസും ബിജെപിയും ; സ്ഥാനാർഥി പ്രഖ്യാപനം നീളുന്നു

സ്വന്തം ലേഖകൻUpdated: Tuesday Sep 3, 2024


ന്യൂഡൽഹി
ഒക്‌ടോബർ അഞ്ചിന്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഹരിയാനയിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർഥി പ്രഖ്യാപനം നീളുന്നു. ആഗസ്‌ത്‌ 29ന്‌ ഡൽഹിയിൽ ചേർന്ന ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ്‌ സമിതി 55 പേരുടെ പട്ടിക തയ്യാറാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍ പട്ടിക പുറത്തുവിട്ടിട്ടില്ല.
കോൺഗ്രസ്‌ സ്ഥാനാർഥി നിർണയവും നീളുന്നു. രാജ്യസഭാംഗം അജയ്‌ മാക്കന്റെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ്‌ കമ്മിറ്റിയാണ്‌ പട്ടിക തയ്യാറാക്കുന്നത്‌. കോൺഗ്രസിന്‌ ഇക്കുറി മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ആരെയും ഉയർത്തിക്കാട്ടില്ലെന്ന്‌ മുതിർന്ന നേതാവ്‌ അജയ്‌ സിങ്‌ യാദവ്‌ പറഞ്ഞു. മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിങ്‌ ഹൂഡ വിഭാഗവും മുൻകേന്ദ്രമന്ത്രി കുമാരി ഷെൽജ വിഭാഗവും തമ്മിലുള്ള ചേരിപ്പോര്‌ രൂക്ഷമായിരിക്കെയാണ്‌ പ്രതികരണം.  മുഖ്യമന്ത്രിയാകാൻ ഹൂഡയ്‌ക്കും ഷെൽജയ്‌ക്കും താൽപ്പര്യമുണ്ട്‌. കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ രൺദീപ്‌ സിങ്‌ സുർജെവാല ഷെൽജയെയാണ്‌ പിന്തുണയക്കുന്നത്‌. 

അതിനിടെ, ജെജെപി എംഎൽഎയും മുൻമന്ത്രിയുമായ ദേവീന്ദർ സിങ്‌ ബബ്‌ലി ബിജെപിയിൽ ചേർന്നു. മനോഹർലാൽ ഖട്ടർ സർക്കാരിൽ നേരത്തെ മന്ത്രിയായിരുന്നു. ബബ്‌ലി പ്രതിനിധീകരിക്കുന്ന ഫത്തേഹാബാദ്‌ ജില്ലയിലെ തൊഹണ്ണ മണ്ഡലം ബിജെപി വിട്ടുനൽകുമെന്നാണ്‌ സൂചന.
ജാട്ട്‌ നേതാക്കളായ സുനിൽ സാങ്‌വാൻ, സഞ്‌ജയ്‌ കബ്‌ലാന എന്നിവരും ബിജെപിയിലെത്തി.

കശ്‌മീരിൽ 
കോൺഗ്രസിന് ആറ്‌ സ്ഥാനാർഥികള്‍കൂടി ജമ്മു കശ്‌മീരിൽ കോൺഗ്രസ്‌ ആറ്‌ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു. പിസിസി പ്രസിഡന്റ്‌ താരിഖ്‌ ഹമീദ്‌ കര ഷാൽതെങ് മണ്ഡലത്തിൽ മൽസരിക്കും. 32 സീറ്റിലാണ്‌ കോൺഗ്രസ്‌ മത്സരിക്കുന്നത്‌.     ഒമ്പത്‌ സീറ്റിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ഗുലാം അഹമദ്‌ മിർ ദൂരു മണ്ഡലത്തിലും മുൻ പിസിസി പ്രസിഡന്റ്‌ റസൂൽ വാനി ബനിഹാൾ മണ്ഡലത്തിലും മത്സരിക്കും.   നാഷണൽ കോൺഫ്രൻസുമായി സഖ്യത്തിലാണ്‌ കോൺഗ്രസ്‌ മത്സരിക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top