24 November Sunday

ഭിവാനിയിൽ ചെങ്കൊടി പാറും

ഭിവാനിയിൽ നിന്ന്‌ 
റിതിൻ പൗലോസ്‌Updated: Tuesday Sep 24, 2024

സിപിഐ എം സ്ഥാനാര്‍ഥി ഓം പ്രകാശ് പ്രചാരണത്തിനിടെ/ ഫോട്ടോ: പി വി സുജിത്

ഹരിയാന തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായ ഭിവാനി മണ്ഡലത്തിൽ ചെങ്കൊടി പാറിക്കാൻ ഉറച്ചാണ്‌ സിപിഐ എം സ്ഥാനാർഥി ഓം പ്രകാശും ഇന്ത്യ കൂട്ടായ്‌മയും മുന്നേറുന്നത്‌. കോൺഗ്രസിനൊപ്പം ഹരിയാനയിൽ പോരിനിറങ്ങുന്ന ഇന്ത്യ കൂട്ടായ്‌മയിലെ ഏക പാർടി എന്നതിനപ്പുറം 37 വർഷത്തിനുശേഷം നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കാനും കൂടിയാണ്‌ സിപിഐ എം പോരിനിറങ്ങുന്നത്‌. ക്ഷേത്രനഗരമെന്നും കുഞ്ഞുകാശി എന്നും വിളിപ്പേരുള്ള ഭിവാനിയിൽ ചെങ്കൊടികൾ നിരനിരയായി പാറുന്നു.
രാജ്‌പുത്‌ സമുദായത്തിന്‌ മേൽകൈയുള്ള മണ്ഡലത്തിൽ സാമുദായിക സമവാക്യങ്ങളേക്കാൾ സാധാരണക്കാരുടെ ജീവൽപ്രശ്‌നങ്ങൾ ചർച്ചയാക്കുന്നതിൽ ഓംപ്രകാശ്‌ വിജയിച്ചു. തെരഞ്ഞെടുപ്പ്‌ യോഗങ്ങളിൽ തിങ്ങിനിറയുന്ന ജനക്കൂട്ടത്തെ കാണുമ്പോൾ 2019ൽ കോൺഗ്രസ്‌ സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ് പോയ മണ്ഡലം തന്നെയാണോയെന്ന്‌ സംശയംതോന്നും. വിദ്യാനഗറിലെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിന്‌ മുന്നിൽ സിപിഐ എം  സ്ഥാനാർഥി ഓംപ്രകാശിന്റെയും പ്രതിപക്ഷ നേതാവ്‌ ഭുപേന്ദർ സിങ്‌ ഹൂഡയുടെയും വലിയ കട്ടൗട്ടുകൾ. കോൺഗ്രസ്‌ പ്രാദേശിക നേതാക്കളടക്കം അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്‌ത ബാഡ്‌ജ്‌ ധരിച്ചാണ്‌ പ്രചാരണത്തിൽ സജീവമായിരിക്കുന്നത്‌.

യൂകോ ബാങ്ക്‌ ജനറൽ മാനേജർ പദവി രാജിവച്ച്‌ 2014ൽ സിപിഐ എമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനാകും മുമ്പേ ഭിവാനിക്കാരുടെ പ്രിയങ്കരനാണ്‌  ഓംപ്രകാശ്‌. 1998ലെ തൊഴിലാളി സമരമടക്കം നിരവധി പ്രക്ഷോഭങ്ങളുടെ മുൻപന്തിയിൽ ഉണ്ടായിരുന്നു. അന്ന്‌ കൊടിയ പൊലീസ്‌ മർദനമേറ്റു. ഓംപ്രകാശിനെ പണ്ട്‌ തെരുവിൽ നേരിട്ട മുൻ അസി. കമീഷണർ സുരേഷ് ഗോയൽ ഗ്വാർ ഫാക്‌ടറി പ്രദേശത്ത യോഗത്തിൽ വോട്ടഭ്യർഥിക്കാനെത്തി. കിത്‌ലാന ഗ്രാമത്തിൽ ചേർന്ന തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തിൽ ആയിരങ്ങൾ അണിനിരന്നു. അഖിലേന്ത്യ കിസാൻസഭ നേതാവ്‌ ബൽവാൻ പുനിയയും സംസാരിച്ചു.

‘ഹൂഡ മുഖ്യമന്ത്രി, 
ഓംപ്രകാശ്‌ മന്ത്രി’

‘ഹൂഡ സാബ്‌ മുഖ്യമന്ത്രിയാകുമ്പോൾ ഭിവാനിക്ക്‌ മന്ത്രിയുണ്ടാകും’–-പ്രാദേശിക കോൺഗ്രസ്‌ നേതാവ്‌ പ്രദീപ്‌ ശർമ ഫാക്‌ടറി പ്രദേശത്ത്‌ വോട്ടുചോദിക്കുന്നത് ഇങ്ങനെയാണ്‌. ‘സംസ്ഥാനമെങ്ങും ബിജെപി വിരുദ്ധ വികാരമാണ്. രണ്ട്‌ തവണ എംഎൽഎയായിട്ടും ബിജെപിയുടെ ഘനശ്യാം മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തില്ല’- –സിപിഐ എം മുൻസംസ്ഥാന സെക്രട്ടറി ഇന്ദ്രജിത്‌ സിങ്‌ പറഞ്ഞു.

കേരള മോഡൽ 
പൊതുവിതരണ
സംവിധാനം വേണം

ഹരിയാനയിലെ പൊതുവിതരണ–-ആരോഗ്യസംവിധാനങ്ങൾ അതീവ ദുർബലമാണ്‌. ഇപ്പോൾ അരിയും ​ഗോതമ്പും മാത്രമാണ് പൊതുവിതരണ കേന്ദ്രങ്ങളിൽ കിട്ടുന്നത്.

 കേരളത്തിലെ  സപ്ലൈകോ ചെയ്യുന്നതു പോലെ  അവശ്യ സാധനങ്ങളെല്ലാം സാധാരണക്കാർക്ക്‌ നല്‍കാനാകണം. ഇതിനായി പുതിയ സർക്കാരിൽ സമ്മർദം ചെലുത്തും–-  ഓം പ്രകാശ്‌ തെരഞ്ഞെടുപ്പ്‌ ലക്ഷ്യങ്ങൾ ‘ദേശാഭിമാനി’യുമായി പങ്കുവച്ചു. ജനറൽ ആശുപത്രികളിൽ അടിസ്ഥാന സൗകര്യം പോലുമില്ല. ഭിവാനിയിലെ റോഡുകൾ പതിറ്റാണ്ടുകൾ പഴക്കമുള്ളവയാണ്. യുവാക്കൾക്ക്‌ തൊഴിൽ ലഭിക്കുന്നില്ല. തൊഴിലുറപ്പ്‌ പദ്ധതിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്താൻ പരിശ്രമിക്കും–-അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top