ചണ്ഡീഗഡ്> ഹരിയാനയിൽ രണ്ടുമാസം മുമ്പ് ബീഫ് കഴിച്ചെന്നാരോപിച്ച് ഗോരക്ഷാഗുണ്ടകള്‍ കുടിയേറ്റത്തൊഴിലാളിയായ മുസ്ലിം യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. യുവാവ് കഴിച്ചത് ബീഫല്ലെന്ന് പരിശോധനയില്‍ പൊലീസ് സ്ഥിരീകരിച്ചു. താമസസ്ഥലത്തുനിന്ന കണ്ടെത്തിയ ഇറച്ചിയുടെ ശാസ്‌ത്രീയ പരിശോധന റിപ്പോർട്ട് ശനിയാഴ്‌ച ലഭിച്ചതായി ഡിഎസ്‌പി ഭരത് ഭൂഷന്‍ അറിയിച്ചു.
ഡല്‍ഹിയില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ ചര്‍ഖി ദാദ്രിയില്‍ ആഗസ്‌ത് 27നാണ് ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ടക്കൊല നടന്നത്. പാഴ്‌വസ്‌തുക്കള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന പശ്ചിമബംഗാള്‍ സ്വദേശി സാബിറാ(26)ണ് കൊല്ലപ്പെട്ടത്. കാലിക്കുപ്പി വില‍്ക്കാനുണ്ടെന്ന് പറഞ്ഞ് താമസസ്ഥലത്തുനിന്ന് വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം പത്തുപേര്‍ പിടിയിലായി. ഇവരെല്ലാം ഗോരക്ഷാ പ്രവര്‍ത്തകരാണെന്ന് എഫ്ഐആറിലുണ്ട്.
ആള്‍കൂട്ടക്കൊല ദൗർഭാഗ്യകരമാണെങ്കിലും ഗോസംരക്ഷണത്തിൽ വിട്ടുവീഴ്‌ചയില്ലെന്ന ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി നയബ് സിങ് സൈനിയുടെ അന്നത്തെ പ്രതികരണം വിവാദമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..