ചെന്നൈ > തമിഴ്നാട്ടിൽ മഴ ശക്തമായി തുടരുന്നു. പല ഇടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. അടുത്ത 24 മണിക്കൂർ തമിഴ്നാട്ടിൽ പല ഇടങ്ങളിലും കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനുമായി ആറ് എൻഡിആർഎഫ് ടീമുകൾക്ക് മുന്നറിയിപ്പ് നൽകിയതായി തമിഴ്നാട് സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കാനും ഉചിതമായ നടപടി സ്വീകരിക്കാനും സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ ജലസംഭരണികളിൽ ജലനിരപ്പ് അതിവേഗം ഉയർന്നതോടെ ചെന്നൈലെ രണ്ട് അണക്കെട്ടുകളുടെയും തിരുവണ്ണാമലൈ ജില്ലയിലെ ഒരു ഡാമിന്റെ ഷട്ടറുകളും തുറന്നു. തിരുവണ്ണാമലയിലെ സത്തനൂർ അണക്കെട്ടിൽ നിന്ന് 13,000 ക്യുസെക്‌സ് ജലവും ചെമ്പരമ്പാക്കം അണക്കെട്ടിൽ നിന്ന് 3,500 ക്യുസെക്‌സ് ജലവും പൂണ്ടി അണക്കെട്ടിൽ നിന്ന് 1,000 ക്യുസെക്‌സ് ജലവുവുമാണ് തുറന്നുവിട്ടത്.
ചെന്നൈയിലും സമീപ പ്രദേശങ്ങളായ തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലും വില്ലുപുരത്തും കാവേരി ഡെൽറ്റ മേഖലയിലെ ചില പ്രദേശങ്ങളിലും രാത്രി മഴ തുടരുന്നതായാണ് റിപ്പോർട്ട്. പുതുച്ചേരി, ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം, വില്ലുപുരം, കല്ലാക്കുറിച്ചി, തിരുവാരൂർ, തഞ്ചാവൂർ ജില്ലകളിലിൽ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുതിനാൽ വിവിധ ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വ്യാപക മഴയെ തുടർന്ന് ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം, വില്ലുപുരം, രാമനാഥപുരം, തഞ്ചാവൂർ, മയിലാടുതുറൈ, കടലൂർ തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..