22 November Friday

ഹേമന്ത്‌ സോറന്റെ ജാമ്യം യുക്തിസഹം: ഇഡിയുടെ 
ഹർജി തള്ളി

സ്വന്തം ലേഖകൻUpdated: Tuesday Jul 30, 2024

ന്യൂഡൽഹി> ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറന്‌ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റ്‌ നൽകിയ ഹർജി തള്ളി സുപ്രീംകോടതി. യുക്തിസഹമായ വിധിയാണ്‌  ഹൈക്കോടതിയുടേതെന്നും ഇടപെടേണ്ടതില്ലെന്നും ജസ്റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ ഹേമന്ത്‌ സോറൻ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) ലംഘിച്ചിട്ടില്ലെന്ന്‌ കണ്ടെത്തിയാണ്‌ ജാർഖണ്ഡ്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌. ഇതിനെതിരെ ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌ വി രാജു ഉന്നയിച്ച വാദങ്ങൾ സുപ്രീംകോടതി തള്ളി.

പിഎംഎൽഎ 50–-ാം വകുപ്പ്‌ പ്രകാരം രേഖപ്പെടുത്തിയ സാക്ഷിമൊഴികൾ അവിശ്വസിച്ച ഹൈക്കോടതി നടപടി തെറ്റാണെന്ന്‌ ഇഡി വാദിച്ചു. മൊഴികൾ അവിശ്വസിച്ചതിനുള്ള കാരണം ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന്‌ ജസ്റ്റിസ്‌ കെ വി വിശ്വനാഥൻകൂടി ഉൾപ്പെട്ട ബെഞ്ച്‌ നിരീക്ഷിച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ വാദം തുടരാൻ ശ്രമിച്ചപ്പോൾ കോടതി ഇടപെട്ടു.  കേസിനെക്കുറിച്ച്‌ കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞാൽ നിങ്ങൾക്കുതന്നെ ദോഷകരമാകുമെന്നും സുപ്രീംകോടതി പറഞ്ഞു. റാഞ്ചിയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരിയിൽ ഇഡി അറസ്റ്റുചെയ്‌ത ഹേമന്ത്‌ സോറന്‌ ജൂലൈ നാലിനാണ്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top