ഐസ്വൾ> മിസോറാമിൽ 86 കോടി രൂപ വിലമതിക്കുന്ന നിരോധിത മെത്താംഫെറ്റമൈൻ ഗുളികകളും ഹെറോയിനും പിടികൂടി. അസം റൈഫിൾസ് മിസോറം പൊലീസുമായി സഹകരിച്ച് ചമ്പൈ ജില്ലയിൽ നടത്തിയ രണ്ട് ഓപ്പറേഷനുകളിലായാണ് നിരോധിത മയക്കുമരുന്നുകൾ പിടികൂടിയത്. സംഭവത്തിൽ രണ്ട് മ്യാൻമർ പൗരന്മാരെ അറസ്റ്റ് ചെയ്‌തു.
ഇന്ത്യ- മ്യാൻമർ അതിർത്തിയിലൂടെ ടിയാവു നദിക്ക് കുറുകെ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് അസം റൈഫിൾസിന്റെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത സംഘം ബുധനാഴ്ച തിരച്ചിൽ ആരംഭിച്ചു.
പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും മയക്കുമരുന്നുകൾ പിടിച്ചെടുത്തതായി അസം റൈഫിൾസ് പ്രസ്താവനയിൽ പറഞ്ഞു. പരിശോധനയിൽ 28.52 കിലോഗ്രാം മെത്താംഫെറ്റമൈൻ ഗുളികകളാണ് കണ്ടെടുത്തത്. ചമ്പൈ ജില്ലയിൽ മറ്റൊരു ഓപ്പറേഷനിൽ 39 ലക്ഷം രൂപ വിലമതിക്കുന്ന 52 ഗ്രാം ഹെറോയിനുമായി മ്യാൻമർ സ്വദേശികളായ സ്ത്രീയെയും പുരുഷനെയും പിടികൂടി. ഇവർ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും പിടിച്ചെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..