05 November Tuesday

ഇതാ സീതാറാമിന്റെ ജെഎൻയു; അന്ത്യാഭിവാദ്യം അർപ്പിച്ച് ക്യാമ്പസ്

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

ന്യൂഡൽഹി > അന്തരിച്ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അർപ്പിച്ച് ജെഎൻയു. ഇന്ന് വൈകിട്ട് നാലേകാലോടെയാണ് യെച്ചൂരിയുടെ മൃതദേഹം ജെഎൻയുവിൽ എത്തിച്ചത്. സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ ഓഫീസിൽ നടന്ന പൊതുദർശനത്തിൽ ജെഎൻയുവിലെ പുതിയ തലമുറയും പൂർവ വിദ്യാർഥികളും യെച്ചൂരിയുടെ സഹപാഠികളും രാഷ്ട്രീയനേതാക്കളും അന്തിമോപചാരം അർപ്പിച്ചു.

രാജ്യത്തെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയ നേതാക്കളിലൊരാളായും സിപിഐഎമ്മിന്റെ അമരക്കാരനുമായുള്ള യെച്ചൂരിയുടെ ആദ്യ ചുവടുവയ്പ്പ് ജെഎൻയുവിൽ നിന്നായിരുന്നു. അതേ മണ്ണ് പ്രിയനേതാവിന് മരണമില്ലെന്നും എക്കാലവും ജീവിക്കുമെന്നും പറഞ്ഞ്  അദ്ദേഹത്തെ യാത്രയാക്കി. പൊതുദർശന സമയത്തുടനീളം "ഇത് സീതാറാമിന്റെ ജെഎൻയു" എന്ന് വിദ്യാർഥികൾ ഇടതവില്ലാതെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കിക്കൊണ്ടേയിരുന്നു.

അഞ്ചരയോടെ ക്യാമ്പസിലെ പൊതുദർശനം അവസാനിച്ച് മൃതദേഹം ഡൽഹി വസന്ത് കുഞ്ജിലെ വീട്ടിലേയ്ക്ക് കൊണ്ട് പോയി. രാത്രി മുഴുവൻ വസന്ത് കുഞ്ജിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. ശനിയാഴ്ച രാവിലെ പത്തു മണിയോടെ പാർടി കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലേയ്ക്ക് കൊണ്ടുവരും. കഴിഞ്ഞ മുപ്പത് വർഷമായി യെച്ചൂരിയുടെ ഓഫീസ് പ്രവർത്തിച്ചത് ഇവിടെയായിരുന്നു. ശനിയാഴ്ച പൊതുദർശനത്തിനു ശേഷം മൃതദേഹം വിലാപയാത്രയായി എയിംസിലെത്തിച്ച് വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠനത്തിനായി കൈമാറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top