22 November Friday
കൺസൾട്ടൻസി ഇടപാടുകളിലും ദുരൂഹത

സ്വതന്ത്ര അന്വേഷണത്തിന് തയ്യാറാണോ ; സെബി മേധാവിയെ വെല്ലുവിളിച്ച്‌ ഹിൻഡൻബർഗ്‌

സ്വന്തം ലേഖകൻUpdated: Tuesday Aug 13, 2024


ന്യൂഡൽഹി
സ്വതന്ത്ര അന്വേഷണം നേരിടാൻ തയ്യാറാകുമോയെന്ന്‌ സെബി മേധാവി മാധബി പുരിയെ വെല്ലുവിളിച്ച്‌ ഹിൻഡൻബർഗ്‌ റിസെർച്ച്‌ രംഗത്ത്‌. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള നിഴൽകമ്പനികളിൽ സെബി മേധാവിക്കും ഭർത്താവിനും ദുരൂഹമായ ഫണ്ട്‌ ഇടപാടുകളുണ്ടെന്ന ഗുരുതര വെളിപ്പെടുത്തൽ കഴിഞ്ഞദിവസമാണ്‌ ഹിൻഡൻബർഗ്‌ നടത്തിയത്‌. വെളിപ്പെടുത്തലുകൾ തള്ളി മാധബിയും ഭർത്താവ്‌ ധാവൽ ബുച്ചും പുറത്തിറക്കിയ പ്രസ്‌താവന തങ്ങളുടെ ആരോപണങ്ങൾ ശരിവയ്‌ക്കുന്നതാണെന്നും സമൂഹമാധ്യമം ‘എക്‌സിൽ’ ഹിൻഡൻബർഗ്‌ അവകാശപ്പെട്ടു. സെബിയുടെ നിയന്ത്രണത്തിലുള്ള എത്ര കമ്പനികൾ ധാവലിന്റെ കക്ഷികളാണെന്ന്‌ വെളിപ്പെടുത്താൻ ധൈര്യമുണ്ടോയെന്നും വെല്ലുവിളിച്ചിട്ടുണ്ട്‌. തന്റെയും ഭർത്താവിന്റെയും ഉടമസ്ഥതയിലുള്ള ഇന്ത്യൻ/സിംഗപുർ കൺസൾട്ടൻസി സ്ഥാപനങ്ങളുടെ കക്ഷികൾ, ഇടപാടുകൾ തുടങ്ങിയ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകുമോ?, ആരോപണങ്ങളിൽ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്താൻ തയ്യാറാകുമോ?–- ഹിൻഡൻബർഗ്‌ ചോദിച്ചു.

മാധബിയുയെും ധവലിന്റെയും സംയുക്തപ്രസ്‌താവനയിലെ ഒരോ അവകാശവാദങ്ങളും പൊളിച്ചടുക്കുന്ന വിശദീകരണങ്ങളും ഹിൻഡൻബർഗ്‌ നൽകുന്നു. ബർമുഡ/മൗറീഷ്യസ്‌ ഫണ്ടുകളിൽ 2015ൽ നിക്ഷേപങ്ങൾ നടത്തിയതായി അവർ ഏറ്റുപറഞ്ഞു. ഇതേ ഫണ്ടുകൾവഴിയാണ്‌ അദാനി ഗ്രൂപ്പിനുവേണ്ടി ഗൗതം അദാനിയുടെ സഹോദരൻ വിനോദ്‌ അദാനി ദുരൂഹ ഇടപാടുകൾ നടത്തിയത്‌. ധാവലിന്റെ കളിക്കൂട്ടുകാരനും സഹപാഠിയുമായിരുന്ന അനിൽ അഹൂജയാണ്‌ ഫണ്ടുകൾ കൈകാര്യം ചെയ്‌തിരുന്നതെന്നും അതുകൊണ്ടാണ്‌ നിക്ഷേപം നടത്തിയതെന്നും മാധബി പ്രസ്‌താവനയിൽ തുറന്നുപറഞ്ഞിട്ടുണ്ട്‌. 2017 ജൂൺവരെ അനിൽ അഹൂജ അദാനി എന്റർപ്രൈസസിന്റെ ഡയറക്ടറായിരുന്നു എന്നത്‌ സെബി മേധാവിയും അദാനിഗ്രൂപ്പും തമ്മിലുള്ള ദൃഢബന്ധത്തിന്റെ ആഴം വ്യക്തമാകുന്നതാണെന്നും ഹിൻഡൻബർഗ്‌ പരിഹസിച്ചു.

കൺസൾട്ടൻസി ഇടപാടുകളിലും ദുരൂഹത
ഇരുവരുടെയും കൺസൾട്ടൻസി സ്ഥാപനങ്ങളുടെ വിവരങ്ങൾ പുറത്തുവിടാനും ഹിൻഡൻബർഗ്‌ വെല്ലുവിളിച്ചു. മാധബി 2011 മുതൽ 2017 വരെ സിംഗപ്പുരിൽ ജോലി ചെയ്‌ത ഘട്ടത്തിൽ അവിടെയും ഇന്ത്യയിലും ഒരോ കൺസൾട്ടൻസി സ്ഥാപനങ്ങൾ തുടങ്ങി. ഇന്ത്യയിൽ തുടങ്ങിയ ‘അഗോര അഡ്വവൈസറി ലിമിറ്റഡ്‌’ അവർ സെബിയിൽ നിയമിക്കപ്പെട്ടതോടെ നിർജീവമായെന്നും 2019ൽ തന്റെ ഭർത്താവ്‌ അതേറ്റെടുത്തെന്നുമാണ്‌ മാധബിയുടെ അവകാശവാദം.

എന്നാൽ, ഇപ്പോഴും ലാഭത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ 2024 മാർച്ച്‌ 31 വരെയുള്ള ഓഹരിവിവരം പ്രകാരം 99 ശതമാനം ഓഹരിയും മാധബിയുടെ പേരിലാണ്‌.സിംഗപ്പുരിലെ ‘അഗോര പാർട്‌ണേഴ്‌സ്‌’ എന്ന സ്ഥാപനത്തിന്റെ 100 ശതമാനം ഓഹരിയും 2022 മാർച്ച്‌ 16 വരെ മാധബിയുടെ പേരിലായിരുന്നു. അതായത്‌, മാധബി സെബിയുടെ മുഴുവൻസമയ അംഗമായി പ്രവർത്തിച്ചിരുന്ന കാലയളവിലാണിത്‌.

സെബി മേധാവിയായി നിയമിക്കപ്പെട്ട്‌ രണ്ടാഴ്‌ച്ചയ്‌ക്ക്‌ ശേഷമാണ്‌ അവർ ഓഹരികൾ ഭർത്താവിന്റെ പേരിലേക്ക്‌ മാറ്റിയത്‌. 2019 മുതൽ ധാവൽ ബുച്ച്‌ കൺസൾട്ടൻസി മേഖലയിൽ സജീവമാണെന്നും അദ്ദേഹത്തിന്‌ ഇന്ത്യയിലെ വ്യവസായ മേഖലയിലെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന്‌ സെബി മേധാവി അവരുടെ പ്രസ്‌താവനയിൽ സമ്മതിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top