22 December Sunday
വിവിധ കമ്പനികളിൽനിന്ന്‌ പണം കൈപ്പറ്റിയെന്ന 
ഗുരുതര ആരോപണമുയർന്നിട്ടും മൗനം തുടരുകയാണ്‌ സെബി മേധാവി

മാധബി പുരിയുടെ മൗനം : 
വിമർശവുമായി ഹിൻഡൻബർഗ്‌

പ്രത്യേക ലേഖകൻUpdated: Thursday Sep 12, 2024


ന്യൂഡൽഹി
അടിക്കടി ആരോപണങ്ങൾ ഉയർന്നിട്ടും സെബി(സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യ) മേധാവി മാധബി പുരി ബുച്ച്‌ സമ്പൂർണ മൗനത്തിലാണെന്ന്‌ അമേരിക്കൻ സ്ഥാപനം ഹിൻഡൻബർഗ്‌ റിസർച്ച്‌.

മാധബി പുരിക്ക്‌ 99 ശതമാനം ഓഹരിപങ്കാളിത്തമുള്ള അഗോറ അഡ്‌വൈസറി കൺസൾട്ടൻസി സേവനങ്ങൾക്ക്‌ മഹീന്ദ്ര ആൻഡ്‌ മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്‌, ഡോ. റെഡ്ഡീസ്‌ ലബോറട്ടറി തുടങ്ങിയ കമ്പനികളിൽനിന്ന്‌ മൂന്ന്‌ കോടിയോളം രൂപ ഫീസ്‌ വാങ്ങിയെന്ന്‌ കോൺഗ്രസ്‌ ആരോപണം ഉന്നയിച്ചത്. മാധബി പുരിയുടെ ഭർത്താവ്‌ ധവൽ പുരി മഹീന്ദ്ര ആൻഡ്‌ മഹീന്ദ്രയിൽനിന്ന്‌ ശമ്പളവും കൈപ്പറ്റി. സെബിയിൽ പൂർണസമയ ഡയറക്ടറായും ചെയർപേഴ്‌സണായും മാധബി പുരി പ്രവർത്തിച്ചുവരവെയാണ്‌ വിവിധ കമ്പനികളിൽനിന്ന്‌ പണം കൈപ്പറ്റിയത്‌. സെബിയിൽ പ്രവർത്തിക്കുന്നവർ മറ്റ്‌ സ്ഥാപനങ്ങളിൽനിന്ന്‌ പണം കൈപ്പറ്റുന്നത്‌ ചട്ടവിരുദ്ധമാണ്‌.

ഐസിഐസിഐ ബാങ്കിൽനിന്ന്‌ മാധബി പുരി 17 കോടിയോളം രൂപ തുകയായും ഓഹരികളായും സ്വീകരിച്ചുവെന്നും വ്യക്തമായി. ഈ വെളിപ്പെടുത്തലുകളോട്‌ മാധബി പുരി പ്രതികരിക്കാത്തതാണ്‌ ഹിൻഡൻബർഗ്‌ റിസർച്ച്‌ എക്‌സിൽ എടുത്തുകാട്ടിയത്‌. മാധബി പുരിക്ക്‌ വിദേശത്തെ കള്ളപ്പണനിക്ഷേപകേന്ദ്രങ്ങളിൽ സമ്പാദ്യമുണ്ടെന്ന്‌ ഹിൻഡൻബർഗ്‌ റിസർച്ച്‌ നേരത്തെ വെളിപ്പെടുത്തി. എന്നാൽ സെബിയിൽ പ്രവേശിക്കുംമുമ്പ്‌ ഇതെല്ലാം ഭർത്താവിന്റെ പേരിലേക്ക്‌ മാറ്റിയെന്നാണ്‌ മാധബി പുരി അന്ന്‌ പ്രതികരിച്ചത്‌. അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം ഒതുക്കാൻ സെബി ശ്രമിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top