23 December Monday

കൗമാരക്കാരൻ ഓടിച്ച ആഡംബരകാറിടിച്ച് യുവാവ് മരിച്ച സംഭവം: 1.98 കോടി നഷ്ടപരിഹാരമായി നൽകണമെന്ന് ട്രിബ്യൂണൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

ന്യൂഡൽഹി > കൗമാരക്കാരൻ ഓടിച്ച ആഡംബരകാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ 1.98 കോടി രൂപ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകണമെന്ന് മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണലിന്റെ ഉത്തരവ്. ഇൻഷുറൻസ് കമ്പനിയോടാണ് ഉത്തരവിട്ടിരിക്കുന്നത്. 2016 ഏപ്രിലിൽ ഡൽഹി സിവിൽ ലൈൻ ഏരിയയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട സിദ്ധാർഥ് ശർമയുടെ കുടുംബത്തിനാണ് 8 വർഷങ്ങൾക്ക് ശേഷം നഷ്ടപരിഹാരം നൽകാൻ ട്രിബ്യൂണൽ ഉത്തരവിട്ടത്. വാഹനമോടിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടി ആയതിനാൽ അപകടത്തിന്റെ ഉത്തരവാദിത്തം കുട്ടിയുടെ പിതാവിനാണെന്നു പറഞ്ഞ ട്രിബ്യൂണൽ നഷ്ടപരിഹാരത്തുക ഇയാളിൽ നിന്ന് കണ്ടെത്താനും ഇൻഷുറൻസ് കമ്പനിക്ക് അനുവാദം നൽകി.  

നഷ്ടപരിഹാരത്തുകയായി 1.21 കോടി രൂപയും പലിശയായി 77.61 ലക്ഷം രൂപയുമാണ് ഇൻഷുറന്‍സ് കമ്പനി സിദ്ധാർഥിന്റെ മാതാപിതാക്കൾക്കു നൽകേണ്ടത്. മുഴുവൻ തുകയും അടുത്ത 30 ദിവസങ്ങൾക്കുള്ളിൽ കൊടുക്കണം.

2026 ഏപ്രിൽ നാലിനാണ് 17കാരൻ ഓടിച്ച മെഴ്സിഡസ് ബെൻസ് ഇടിച്ച് സിദ്ധാർഥ് ശർമ കൊല്ലപ്പെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേ​ഗത്തിലെത്തിയ കാർ സിദ്ധാർഥിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇടിയേറ്റ സിദ്ധാർഥ് 20 അടിയോളം ദൂരേക്ക് തെറിച്ചുവീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഉടൻ തന്നെ കാറിലുണ്ടായിരുന്നവർ ഓടി രക്ഷപെടുകയും ചെയ്തു.

അപകടത്തിന് ശേഷവും കൗമാരക്കാരന്റെ പിതാവ് സംഭവത്തിന്റെ ​ഗൗരവത്തെക്കുറിച്ച് ബോധവാനായിരുന്നില്ലെന്നും മുമ്പും കൗമാരക്കാരൻ ഓടിച്ച വണ്ടിയിടിച്ച് അപകടങ്ങൾ നടന്നിട്ടുണ്ടെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top