ഹൈദരാബാദ് > സുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടി ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ഫിസിയോതെറാപ്പിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം കഴിഞ്ഞ് 45 ദിവസത്തിന് ശേഷമാണ് അറസ്റ്റ്. അപകടമരണമാണ് എന്ന് വരുത്തി തീർത്ത് കേസിൽ നിന്ന് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ആയ ബോഡ പ്രവീൺ(32) ആണ് അറസ്റ്റിലായത്. ഭാര്യ കുമാരി (29), മക്കളായ കൃഷിക (5), കൃതിക (3) എന്നിവരെയാണ് ബോഡ പ്രവീൺ കൊലപ്പെടുത്തിയത്. കാമുകിയുടെ ആവശ്യപ്രകാരമായിരുന്നു കൊല എന്നാണ് പൊലീസ് പറയുന്നത്.
മെയ് 28നായിരുന്നു സംഭവം. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രവീൺ നടന്നത് കാർ അപകടമാണെന്ന് വരുത്തിതീർക്കാനും ശ്രമിച്ചു. ഉയർന്ന അളവിൽ അനസ്‌തേഷ്യ കുത്തിവെച്ചാണ് പ്രതി കുമാരിയെ കൊലപ്പെടുത്തിയത്. തുടർന്ന് കാറിന്റെ മുൻസീറ്റിൽ വച്ച് കുട്ടികളെ ശ്വാസമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാൽ കാർ അപകടമാണ് മരണത്തിന് ഇടയാക്കിയതെന്ന പ്രവീണിന്റെ മൊഴി പൊലീസ് വിശ്വസിച്ചിരുന്നില്ല. ശാസ്ത്രീയ പരിശോധന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സംഭവത്തിനു ശേഷം നിസാര പരിക്കിന് പ്രതി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അപകടത്തിലാണ് പരിക്ക് സംഭവിച്ചത് എന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. കുമാരിയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ സൂചിയുടെ പാടാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടർന്ന് മൃതദേഹങ്ങൾ ശാസ്ത്രീയപരിശോധനയ്ക്കയയ്ക്കുകയായിരുന്നു. ഫലം വന്നതിനു ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കുമാരിയുടെ ശരീരത്തിൽ അപകടം സംഭവിച്ചതിന്റേതായ പാടുകൾ ഒന്നും ഉണ്ടായിരുന്നില്ല. കുട്ടികളുടെ ദേഹത്തും പരിക്കേറ്റ പാടുകൾ ഉണ്ടായിരുന്നില്ല. ഇതാണ് മരണം അപകടമരണമല്ല എന്ന സംശയം വർധിക്കാൻ കാരണമെന്നും പൊലീസ് പറയുന്നു. കാറിൽ നിന്ന് ഒരു സിറിഞ്ചും കണ്ടെത്തിയിരുന്നു. ഇതോടെയാണ് പൊലീസ് നടന്നത് കൊലപാതകമാണെന്ന നിഗമനത്തിലെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..