ചെന്നൈ > ഗായിക ഇസൈവാണിക്കും പാ രഞ്ജിത്തിനുമെതിരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ സൈബർ ആക്രമണം. 2018ലെ ഒരു സംഗീത പരിപാടിയിൽ ഗായിക "ഐ ആം സോറി അയ്യപ്പാ" എന്ന ഗാനം ആലപിച്ചിരുന്നു. ഗാനം ഹിന്ദുവിരുദ്ധമാണെന്ന് ആരോപിച്ചാണ് ആക്രമണം. സൈബർ ആക്രമണം നേരിടുന്നതായി ഇസൈവാണി ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
ഗായിക അടുത്തിടെ ഒരു ക്രിസ്ത്യൻ ഭക്തിഗാനം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ ആക്രമണം രൂക്ഷമായത്. ഗായിക ക്രിസ്ത്യാനി ആണെന്നും 2018ൽ പാടിയ "ഐ ആം സോറി അയ്യപ്പാ" എന്ന ഗാനം ഹിന്ദു ദൈവത്തെ ലക്ഷ്യം വച്ചുള്ളതാണെന്നും സാമൂഹികമാധ്യമങ്ങളിൽ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ കുപ്രചരണം നടത്തിയിരുന്നു. പിന്നീട് ഗായികക്ക് നേരെ വ്യാപകമായി സൈബർ ആക്രമണം നടക്കുകയായിരുന്നു.
ചലച്ചിത്ര സംവിധായകൻ പാ രഞ്ജിത്ത് സ്ഥാപിച്ച ജാതി വിരുദ്ധ സംഗീത ബാൻഡായ ദ കാസ്റ്റ്‌ലെസ് കളക്ടീവ് ആണ് "ഐ ആം സോറി അയ്യപ്പാ" എന്ന ഗാനം എഴുതി അവതരിപ്പിച്ചത്. 2018 ൽ മദ്രാസ് മേടൈ ഇവന്റിൽ ലോഞ്ച് ചെയ്യുമ്പോൾ ഇസായിയും വളരെ ജനപ്രിയമായ ഗായകനും ഗാനരചയിതാവുമായ അറിവും ബാൻഡിന്റെ ഭാഗമായിരുന്നു. ശബരിമലയിൽ സ്ത്രീകൾ കയറിയാൽ എന്താണ് പ്രശ്നമെന്ന് ചോദിക്കുന്ന വരികൾ ഗാനത്തിലുണ്ട്.
ഗാനമാലപിച്ചതിന് പിന്നാലെ ഭീഷണി സന്ദേശങ്ങളും കോളുകളും ഇസൈവാണിക്കെത്തിയിരുന്നു. അശ്ലീലമായി മോർഫ് ചെയ്ത ചിത്രങ്ങൾ ചിലർ അയക്കുന്നതായും പരാതിയുണ്ട്. തെറ്റ്ദ്ധാരണകൾ പരത്തുന്ന ഗാനം പുറത്തിറക്കിയ പാ രഞ്ജിത്തിനും ഗാനമാലപിച്ച ഇസൈവാണിക്കുമെതിരെ കേസെടുക്കണമെന്ന് ആരോപിച്ചാണ് സൈബർ ആക്രമണം രൂക്ഷമായത്. തുടർന്ന് ഇതിനെതിരെ ഇസൈവാണി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..