ശ്രീനഗർ> ഇന്ത്യൻ എയർലൈൻസ് വിമാനമായ ഐസി 814 ഭീകരർ റാഞ്ചിയപ്പോൾ, ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിന് പകരമായി ഭീകരരെ വിട്ടയക്കരുതെന്ന് അന്നത്തെ ബിജെപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അവരത് കേട്ടില്ലെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ആരോപിച്ചു. തെറ്റുകൾ ആവർത്തിച്ചാലും രാജ്യത്തെ ശക്തിപ്പെടുത്താമെന്നാണ് അവർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
1994 ഡിസംബർ 25 നാണ് ഐസി 814 വിമാനം ഭീകരർ റാഞ്ചിയത്. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡൽഹിയിലേക്ക് തിരിച്ച വിമാനം പാകിസ്താനിലെ തീവ്രവാദി സംഘടനയായ ഹര്‍ക്കത്തുൽ-മുജാഹിദ്ദീന്‍ റാഞ്ചുകയായിരുന്നു. ഇബ്രാഹിം അക്തര്‍, ഷാഹിത് അക്തര്‍ സെയ്ദ്, സുന്നി അഹമ്മദ് ഖാസി, മിസ്ത്രി സഹൂര്‍ ഇബ്രാഹിം, ഷാക്കിര്‍ എന്നിവരായിരുന്നു ഇതിന് പിന്നിൽ.
വിമാനറാഞ്ചികളുടെ ആവശ്യപ്രകാരം മൗലാന മസൂദ് അസ്ഹർ, അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സർഗർ എന്നിവരെ കേന്ദ്രം വിട്ടയച്ചു. "മൂന്ന് തീവ്രവാദികളെ അവർ വിട്ടയച്ചു. അതിൻ്റെ അനന്തരഫലം നിങ്ങൾ കാണുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു. ഭീകരരെ വിട്ടയക്കരുതെന്ന് ഞാൻ ബിജെപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അവരത് കേട്ടില്ല. തെറ്റുകൾ ആവർത്തിച്ചാലും രാജ്യത്തെ ശക്തിപ്പെടുത്താമെന്നാണ് അവർ കരുതുന്നത്." ഫാറൂഖ് അബ്ദുല്ല പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി.
ഭീകരവാദ പ്രശ്‌നം പരിഹരിക്കാൻ പാകിസ്ഥാനുമായി ചർച്ച നടത്താനുള്ള ഫാറൂഖിന്റെ ആഹ്വാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇന്ത്യയുടെ ഭൂമി ബീജിംഗ് കൈവശപ്പെടുത്തിയിട്ടും കേന്ദ്രം ചൈനയുമായി ചർച്ചയിൽ ഏർപ്പെടുന്നുണ്ടല്ലോ എന്ന് അദ്ദേഹം തിരിച്ച് ചോദിച്ചു.
"സുഹൃത്തുക്കളെ മാറ്റാം, എന്നാൽ അയൽക്കാരെ മാറ്റാൻ പറ്റില്ലെന്ന് അന്ന് വാജ്‌പേയി പറഞ്ഞിരുന്നു. അയൽരാജ്യങ്ങളുമായി ചങ്ങാത്തത്തിലായാൽ രാഷ്ട്രങ്ങൾ പുരോഗമിക്കും. അതേസമയം ശത്രുതയാണ് വച്ച് പുലർത്തുന്നതെങ്കിൽ പുരോഗതി സ്തംഭിക്കും," ഫാറൂഖ് കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..