23 December Monday

സ്‌നേഹത്താല്‍ തോല്‍ക്കുന്ന യുദ്ധങ്ങള്‍

ഡോ. ജിനേഷ് കുമാർ എരമംUpdated: Saturday Nov 23, 2024

ഡെഫ് ലവേഴ്സ് എന്ന ചിത്രത്തില്‍നിന്ന്


പനാജി

വർണവും വംശവും ദേശവും മതവും മുൻനിർത്തിയുള്ള അതിർവരമ്പുകൾക്കും യുദ്ധങ്ങൾക്കുമപ്പുറം വളരുന്ന സ്‌നേഹബന്ധങ്ങൾ, ഏകാധിപത്യത്തിനെതിരെയുള്ള നിലയ്‌ക്കാത്ത പോരാട്ടങ്ങൾ...- -സമകാല പ്രസക്തിയുള്ള പ്രമേയങ്ങൾകൊണ്ട് ശ്രദ്ധേയമായി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മൂന്നാം ദിവസം.യുദ്ധക്കെടുതികളിൽനിന്ന് രക്ഷപ്പെടാനും തൊഴിൽ കണ്ടെത്താനുമായി തുർക്കിയയിലെത്തുന്ന സോണിയയെന്ന ഉക്രയ്ൻ പെൺകുട്ടിയുടെയും ഡാന്യയെന്ന റഷ്യൻ യുവാവിന്റെയും പ്രണയമാണ് എസ്തോണിയ–- -സെർബിയ സംയുക്ത സംരംഭമായ ഡെഫ് ലവേഴ്സ് എന്ന ചിത്രം പറയുന്നത്. യുദ്ധത്തിന് വെന്ത മാംസത്തിന്റെ മണമാണെന്ന് ബോറിസ് ഗട്സ് സംവിധാനം ചെയ്‌ത ചിത്രം ഓർമിപ്പിക്കുന്നു. ആംഗ്യഭാഷയുടെയും പശ്ചാത്തല ശബ്ദങ്ങളുടെയും മൊണ്ടാഷുകളുടെയും സവിശേഷ ഉപയോഗം ചിത്രത്തെ വേറിട്ടതാക്കി.

വംശീയവാദികളുടെ ഭീഷണിയും ആക്രമണവും വകവയ്‌ക്കാതെ റാമിയെന്ന പലസ്‌തീനിയൻ യുവാവും ഫിഫിയെന്ന ജൂതയുവതിയും ഒന്നിക്കുകയാണ് സ്‌കാൻഡർ കോപ്റ്റി സംവിധാനം ചെയ്‌ത ഹാപ്പി ഹോളിഡേയ്സ് എന്ന പലസ്‌തീൻ ചിത്രത്തിൽ. 1970കളിലും 80കളിലും പട്ടാള ഏകാധിപത്യത്തിനെതിരെ ഗ്വാട്ടിമാലയിൽ നടന്ന പോരാട്ടത്തിന്റെ കഥ പറയുന്നു ബെൽജിയം ചിത്രമായ മെക്‌സിക്കോ- 86. വിപ്ലവകാരിയായ മരിയക്ക് ഭർത്താവ് കൊല്ലപ്പെട്ടതോടെ കൈക്കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച് മെക്‌സിക്കോയിലേക്ക് രക്ഷപ്പെടേണ്ടി വന്നു. പത്തുവർഷം കഴിഞ്ഞ് മകൻ മെക്‌സിക്കോയിൽ വന്നെങ്കിലും വിപ്ലവപ്രവർത്തനം തുടരുന്നതിനായി അവനെ ക്യൂബയിലേക്ക്‌ അയക്കുകയാണവൾ. ആടുജീവിതത്തെ ഓർമിപ്പിക്കുന്ന സോഫി ഡെറസ്‌പിന്റെ ഷെപ്പേർഡ്സ് എന്ന ഫ്രഞ്ച് ചിത്രവും ശ്രദ്ധേയമായി.

ആസിഫ്‌ അലിയെ നായകനും അമലാ പോളിനെ നായികയുമാക്കി  അർസാഫ് അയൂബ് സംവിധാനം ചെയ്ത മലയാള ചിത്രം ലെവൽക്രോസിന് നല്ല പ്രതികരണമാണ് ലഭിച്ചത്. രാഹുൽ സദാശിവന്റെ ഭ്രമയുഗത്തിന്റെ രണ്ടാം പ്രദർശനത്തിനും തിയറ്റർ തിങ്ങിനിറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top