പനാജി
ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ സ്‌ത്രീ സംവിധായകരുടെ മേധാവിത്വം. മികച്ച ചിത്രത്തിനുള്ള സുവർണമയൂരത്തിനായി മത്സരിക്കുന്ന 15 ചിത്രങ്ങളിൽ എട്ടും സ്‌ത്രീകളുടേത്. സ്‌ത്രീവിരുദ്ധവും യാഥാസ്ഥിതികവുമായ സാമൂഹിക ഘടനയ്‌ക്കെതിരെ നിശിത വിമർശമുയർത്തുന്നു ഈ ചിത്രങ്ങൾ.
ഹിജാബ് നിർബന്ധമാക്കുന്നതിനെതിരായ ഇറാനിലെ പോരാട്ടമാണ് മനിജെ ഹെക്മത്തിന്റെ ‘ഫിയർ ആൻഡ് ട്രെംബ്ലിങ് ’ പറയുന്നത്. യാഥാസ്ഥിതിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന പെൺകുട്ടിയുടെ കഥയാണ് ബെൽക്കീസ് ബയ്റാക്കിന്റെ ‘ഗുലിസർ’ എന്ന ചിത്രം പറയുന്നത്. ലൈംഗികാതിക്രമം നടത്തിയ ഉന്നത രാഷ്ട്രീയ നേതാവിനെതിരെ മീ റ്റൂ പ്രസ്ഥാനം വഴിയും കോടതി വഴിയും പോരാടി വിജയിക്കുന്ന യുവതിയുടെ കഥയാണ് സ്‌പാനിഷ് ചിത്രം ‘ഐ ആം നെവെങ്ക’ പറയുന്നത്. സിംഗപ്പുരിലെ വാൾപ്പയറ്റ് താരം കൂടിയായ നെലീഷ്യ ലോ ഒരു വാൾപ്പയറ്റുകാരന്റെ കഥയാണ് ‘പിയേഴ്സ് ’എന്ന പേരിൽ സിനിമയാക്കിയത്.
സിറിയയിൽ ഇസ്ലാമിക രാഷ്‌ട്രത്തിനുവേണ്ടി യുദ്ധം ചെയ്യുന്ന മകൻ കാരണം ഐഷ എന്ന സ്‌ത്രീ അനുഭവിക്കുന്ന ആത്മസംഘർഷമാണ് മെരിയം ജൂബറിന്റെ ‘ഹൂ ഡു ഐ ബിലോങ് റ്റു ’എന്ന ടുണീഷ്യൻ ചിത്രത്തിന്റെ ഇതിവൃത്തം. കൃഷിയിലേക്ക് തിരിയുന്ന പതിനെട്ടുകാരന്റെ കഥയാണ് ലൂയി കൊർവോയ്സി ‘ഹോളി കൗ’ എന്ന ഫ്രഞ്ച് സിനിമയിലൂടെ പറയുന്നത്.
കംബോഡിയയിലെ പോൾ പോട്ടിന്റെ ഏകാധിപത്യ ഭരണകാലത്തെ തുറന്നുകാട്ടുന്ന റിതി പാനിന്റെ ‘മീറ്റിങ് വിത്ത് പോൾ പോട്ട്,’ ആർമീനിയയിലെ അസർബൈജാൻ അധിനിവേശത്തിന്റെ ക്രൂരമുഖം ചിത്രീകരിക്കുന്ന ‘വെയ്റ്റിങ് ഫോർ ഡോൺ ക്വിക്സോട്ട്’ എന്നിവയും നാലാം ദിനത്തെ ശ്രദ്ധേയമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..