പനാജി
ഉദ്ഘാടന വേദിയിൽ ശ്രീ ശ്രീ രവിശങ്കർ. സ്ക്രീനിലും പുറത്തും ശ്രീരാമന്റെയും ഹനുമാന്റെയും മഹാവിഷ്ണുവിന്റെയുമൊക്കെ രൂപങ്ങളും പുരാണശ്ലോകങ്ങളും. ഒപ്പം മുസ്ലിം വിരോധത്തിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ഉദ്ഘോഷങ്ങൾ. -ഇത്തവണത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയെ അധികൃതർ അക്ഷരാർഥത്തിൽ കാവിപൂശി ശോഭകെടുത്തി.
ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് ശിക്ഷയിളവ് നേടുകയും ഗാന്ധിവധത്തിൽ പ്രതിയാവുകയുംചെയ്ത സവർക്കറെ വീരനായകനായി ചിത്രീകരിച്ച സ്വാതന്ത്ര്യ വീർ സവർക്കറായിരുന്നു ഇന്ത്യൻ പനോരമയുടെ ഉദ്ഘാടനചിത്രം. നേതാജിയും അംബേദ്കറും ഭഗത് സിങ്ങുമൊക്കെ സവർക്കറുടെ ഉപദേശത്താലാണ് പ്രവർത്തിച്ചതെന്ന് വരുത്തുന്ന സിനിമയിൽ ഗാന്ധിജി പരിഹാസ കഥാപാത്രമാണ്.
370–-ാം വകുപ്പ് റദ്ദാക്കി ജമ്മു കശ്‌മീരിനെ സംഘർഷഭൂമിയാക്കിയ മോദി സർക്കാരിന്റെ നയങ്ങളെയും വെള്ളപൂശുന്നു ആദിത്യ സുഹാസ് ജംഭാലെയുടെ ‘ആർട്ടിക്കിൾ 370’ എന്ന ഹിന്ദി ചിത്രം. മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ കഥയാണ് അശ്വിൻ കുമാറിന്റെ ‘മഹാവതാർ നരസിംഹ’ എന്ന ത്രീ ഡി അനിമേഷൻ ചിത്രം. നാഗ് അശ്വിന്റെ ‘കൽക്കി’ 2898 എഡി എന്ന തെലുങ്ക് ചിത്രത്തിൽ ശ്രീകൃഷ്ണനും അശ്വത്ഥാമാവുമൊക്കെയാണ് കഥാപാത്രങ്ങൾ.
നവജ്യോത് നരേന്ദ്ര ഭണ്ഡിവഡേക്കറുടെ ‘ഘരത് ഗണപതി’ എന്ന മറാത്തി ചിത്രത്തിൽ കൊങ്കണിലെ ഗണപതി ഉത്സവമാണ് നിറഞ്ഞുനിൽക്കുന്നത്. വിജയ് യെലകാന്തിയുടെ ‘മാ കാളി’യിൽ പൗരത്വഭേഭഗതി നിയമത്തെ ന്യായീകരിക്കുന്നു. ഗോവയിൽ മാർച്ച്-–-ഏപ്രിൽ സമയത്തുള്ള ഷിഗ്മോ ഉത്സവം ഇക്കുറി മേളയുടെ ഭാഗമാക്കി വലിയ തെരുവു ഘോഷമാക്കി നടത്തി. ലോക സിനിമാ വിഭാഗത്തിൽ ലാറ്റിനമേരിക്കൻ ചിത്രങ്ങളെ തഴയുകയും ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..