ന്യൂഡൽഹി> കഴിഞ്ഞ മാസം തെക്കൻ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് ഏരിയയിൽ ജിം ഉടമയെ വെടിവെച്ചുകൊന്നയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സ്‌പെഷ്യൽ സെല്ലുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് പ്രതി അറസ്റ്റിലായത്. മോട്ട അർമാൻ എന്ന മധൂറാണ് അറസ്റ്റിലായത്.
ലോറൻസ് ബിഷ്‌ണോയി, ഹാഷിം ബാബ എന്നിവരുടെ ഗുണ്ടാസംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
രാത്രി ഒമ്പത് മണിയോടെ മോട്ടോർ സൈക്കിളിൽ എത്തിയ ഇയാളോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ പൊലീസിനു നേരെയും പ്രതി വെടിയുതിർത്തു.
പിന്നീട് പൊലീസുമായുണ്ടായ സംഘട്ടനത്തിൽ മധൂറിന് വെടിയേറ്റു. വലത് കാൽമുട്ടിനും ഇടത് കണങ്കാലിനുമാണ് വെടിയേറ്റത്. സംഭവ സ്ഥലത്ത് നിന്ന് ഒരു തോക്കും 12 വെടിയുണ്ടകളും കണ്ടെടുത്തു.
കഴിഞ്ഞ മാസം13 നാണ് തെക്കന്‍ ഡല്‍ഹിയില്‍ ജിം ഉടമ നാദിര്‍ഷ കൊല്ലപ്പെട്ടത് . ബൈക്കിലെത്തിയ രണ്ട് പേര്‍ നാദിർഷയ്‌ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്‌പ്പില്‍ പരിക്കേറ്റ നാദിര്‍ഷയെ മാക്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..