ന്യൂഡൽഹി > രാജ്യത്തെ ഒരു ശതമാനം സമ്പന്നരുടെ ആസ്‌തി പാവപ്പെട്ട 70 ശതമാനം പേരുടെ ആകെ സ്വത്തിന്റെ നാലിരട്ടിക്കും മുകളില്‍. ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ മൊത്തം സ്വത്തിന്റെ മൂല്യം രാജ്യത്തിന്റെ പൊതുബജറ്റ് അടങ്കലിനെയും മറികടക്കും. രാജ്യാന്തര മനുഷ്യാവകാശ സംഘടന ‘ഓക്‌സ്‌ഫാം’ ആണ് ഇന്ത്യയില്‍ ധനികരും പാവപ്പെട്ടവരും തമ്മിലുള്ള അകലം ഭയാനകമായി വര്‍ധിക്കുന്നതിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ലോകത്തെ ഏറ്റവും ധനികരായ 2,153 പേർ കയ്യാളുന്ന മൊത്തം സ്വത്ത് ലോകജനസംഖ്യയുടെ 60 ശതമാനം വരുന്ന 460 കോടി പേരുടെ ആകെ സമ്പത്തിനെക്കാൾ അധികമാണെന്നും ലോകസാമ്പത്തിക ഫോറം ഉച്ചകോടിക്ക് മുന്നോടിയായി പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അസമത്വം ചരിത്രത്തിലെ ഏറ്റവും ഉയർന്ന തോതിലായി. സമ്പദ്‌ഘടനയുടെ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സ്‌ത്രീകളും പെൺകുട്ടികളുമാണ്. എന്നാല്‍, പാചകംചെയ്‌തും വീട് വൃത്തിയാക്കിയും കുട്ടികളെ നോക്കിയും പ്രായമായവരെ പരിചരിച്ചും സ്‌ത്രീകളാണ് സമ്പദ്‌ഘടനയെ ചലിപ്പിക്കുന്ന ‘ഒളിഞ്ഞ ചക്രങ്ങളായി’ നിലകൊള്ളുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ സ്‌ത്രീകളും പെൺകുട്ടികളും ഓരോ ദിവസവും പ്രതിഫലം കിട്ടാതെ 326 കോടി മണിക്കൂറാണ് പണിയെടുക്കുന്നത്. ഇതുവഴി പ്രതിവർഷം 19 ലക്ഷം കോടി രൂപയാണ് സമ്പദ്‌ഘടനയിൽ സൃഷ്ടിക്കപ്പെടുന്നത്. കഴിഞ്ഞവർഷം വിദ്യാഭ്യാസമേഖലയ്‌ക്ക് നീക്കിവച്ച 93,000 കോടി രൂപയുടെ 20 മടങ്ങ് വരുന്ന തുകയാണിത്. ഏതെങ്കിലും പ്രമുഖ കമ്പനിയുടെ മേധാവി പ്രതിവർഷം സമ്പാദിക്കുന്ന പണത്തിനു തുല്യമായ പ്രതിഫലം നേടാൻ സ്‌ത്രീ ഗാർഹിക തൊഴിലാളി 22,227 വർഷം ജോലി ചെയ്യണം–-റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..