22 December Sunday
കാനഡയില്‍ 4,27,000 ഇന്ത്യൻ വിദ്യാർഥികള്‍

ഇന്ത്യ കാനഡ നയതന്ത്രയുദ്ധം ; ഉഭയകക്ഷി ബന്ധം ഉലയുന്നു

പ്രത്യേക ലേഖകൻUpdated: Wednesday Oct 16, 2024


ന്യൂഡൽഹി
ഇന്ത്യ–-കാനഡ നയതന്ത്രബന്ധം അങ്ങേയറ്റം വഷളായത്‌ ഇതര മേഖലകളിലെ ഉഭയകക്ഷി സഹകരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തം. ഇതിന്റെ പ്രത്യാഘാതം അടിയന്തരമായി ഏറ്റുവാങ്ങേണ്ടിവരിക കാനഡയിൽ ഉപരിപഠനത്തിനും തൊഴിലിനും പോകാൻ ശ്രമിക്കുന്നവരാണ്‌. കഴിഞ്ഞ വർഷം നയതന്ത്രജ്ഞരുടെ എണ്ണം പരിമിതപ്പെടുത്താൻ ഇന്ത്യ കാനഡയോട്‌ ആവശ്യപ്പെട്ടത്‌ വിസ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനെ ബാധിച്ചിരുന്നു. ഇപ്പോൾ ഹൈക്കമീഷണർ അടക്കം ഡൽഹി വിടുന്നതോടെ സ്ഥിതി കൂടുതൽ മോശമാകും.

നിലവിൽ ഇന്ത്യയിൽനിന്ന്‌ പുറത്തുപോയി പഠിക്കുന്നവരിൽ 40 ശതമാനവും കാനഡയിലാണ്‌. 4,27,000 ഇന്ത്യൻ വിദ്യാർഥികളാണ്‌ അവിടെയുള്ളത്‌. നാല്‌ കോടിയോളം ജനസംഖ്യയുള്ള കാനഡയിൽ ഇന്ത്യൻ സമൂഹത്തിന്റെ അംഗബലം 30 ലക്ഷത്തോളം വരും. ഇവരിൽ 7,70,000 പേർ സിഖുകാരാണ്‌.  ഇന്ത്യ–-കാനഡ ബന്ധത്തിൽ കുറെക്കാലമായി  നിറഞ്ഞുനിൽക്കുന്നത്‌ ഖലിസ്ഥാൻ വിഘടനവാദികൾ ഉയർത്തുന്ന പ്രശ്‌നങ്ങളാണ്‌. കാനഡയിലെ ആഭ്യന്തരരാഷ്‌ട്രീയത്തിലും സിഖ്‌ വോട്ടുകൾ നിർണായകമാണ്‌. ജസ്റ്റിൻ ട്രൂഡോ വോട്ടുബാങ്ക്‌ രാഷ്‌ട്രീയം കളിക്കുന്നുവെന്ന്‌ ഇന്ത്യ ആരോപിക്കുന്നത്‌ ഈ പശ്‌ചാത്തലത്തിലാണ്‌.  അതേസമയം, വാണിജ്യമേഖലയിൽ ഇരുരാജ്യവും തമ്മിൽ സഹകരണം ശക്തമാണ്‌. ടാറ്റാ കൺസൾട്ടൻസി സർവീസസ്‌, ആദിത്യ ബിർല ഗ്രൂപ്പ്‌, വിപ്രോ, ഇൻഫോസിസ്‌ തുടങ്ങിയ ഇന്ത്യൻ കോർപറേറ്റുകൾ കാനഡയിൽ സജീവമാണ്‌. കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ്‌ ബോർഡ്‌ ഇന്ത്യൻ കമ്പനികളിൽ 1,500 കോടിയോളം ഡോളർ നിക്ഷേപിച്ചിട്ടുണ്ട്‌. 

വിദേശത്തുനിന്ന്‌ ഇന്ത്യയിലേയ്‌ക്ക്‌ ഏറ്റവും കൂടുതൽ വരുമാനം ഒഴുകുന്ന 10 രാജ്യത്തിന്റെ പട്ടികയിൽ കാനഡയുണ്ട്‌. കഴിഞ്ഞ വർഷം ഉഭയകക്ഷി ചരക്ക്‌ വ്യാപാരത്തിന്റെ മൂല്യം 840 കോടി ഡോളറായിരുന്നു.

അമിത് ഷായുടെ അറിവോടെ : 
വാഷിങ്‌ടൺ പോസ്റ്റ്‌
ഖലിസ്ഥാൻ വിഘടനവാദിയായ കനേഡിയൻ പൗരൻ ഹർദീപ്‌ സിങ്‌ നിജ്ജാറിന്റെ കൊലപാതകം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ അറിവോടെയാണെന്ന ​ഗുരുതര ആരോപണവുമായി വാഷിങ്‌ടൺ പോസ്റ്റ്‌.  കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഉദ്ധരിച്ചാണ് അമേരിക്കന്‍ ദിനപത്രത്തിന്റെ റിപ്പോര്‍ട്ട്. മോദി സര്‍ക്കാരിലെ ഉന്നതനും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയിലെ മുതിർന്ന ഉദ്യോഗസ്ഥനും ചേര്‍ന്നാണ് ആസൂത്രണം നടത്തിയതെന്ന് കാനഡയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധികളുടെ ആശയവിനിമയങ്ങളിൽനിന്നും വെളിപ്പെട്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഖലിസ്ഥാൻവാദികളെ കുറിച്ചുള്ള വിവരം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ റോയ്ക്ക് കൈമാറുന്നുവെന്നും ഈ വിവരങ്ങള്‍ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന് ലഭിക്കുന്നുവെന്നുമാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top