ന്യൂഡൽഹി
താറുമാറായ ഉഭയകക്ഷി ബന്ധത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടത്തിയ രഹസ്യ ചർച്ചകൾ പരാജയമാണെന്ന് തെളിയിച്ച് ഇന്ത്യയിൽനിന്ന് 41 നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് ക്യാനഡ. ബംഗളൂരു, മുംബൈ, ഛത്തീസ്‌ഗഢ് നഗരങ്ങളിലെ കോൺസുലാർ സേവനങ്ങൾ നിർത്തുന്നതായും പ്രഖ്യാപിച്ചു. ഡൽഹിയിലെ ഹൈക്കമീഷൻ ഓഫീസിൽ മാത്രമാകും വിസയടക്കമുള്ള സേവനങ്ങൾ ലഭിക്കുക.
ഉദ്യോഗസ്ഥർ ഇന്ത്യ വിട്ടെന്ന് ക്യാനഡ വിദേശമന്ത്രി മെലാനി ജോളി പ്രഖ്യാപിച്ചു. ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഇന്ത്യയിലുള്ള പൗരർ അതീവ ജാഗ്രത പാലിക്കണമെന്ന പുതിയ യാത്രാമാർഗനിർദേശവും പുറത്തിറക്കി. ഇന്ത്യ ഏകപക്ഷീയമായി നയതന്ത്ര പരിരക്ഷ പിൻവലിച്ചത് ഉദ്യോഗസ്ഥരുടെ സുരക്ഷ അപകടത്തിലാക്കും. പരിരക്ഷ റദ്ദാക്കുന്നത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനവും ജനീവ കൺവൻഷന് വിരുദ്ധവുമായതിനാലാണ് ഇന്ത്യൻ ഉദ്യേഗസ്ഥർക്കെതിരെ ക്യാനഡ സമാന നടപടിയെടുക്കാത്തത്. ക്യാനഡ എംബസിയിൽ ആകെ 21 ഉദ്യോഗസ്ഥരാകും ഇനിയുണ്ടാകുക–- ജോളി പറഞ്ഞു. ക്യാനഡയുടെ ആരോപണം ഇന്ത്യ തള്ളി.
നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിൽ തുല്യതയുണ്ടാക്കാനുള്ള ശ്രമങ്ങളെ വക്രീകരിക്കുന്നത് അംഗീകരിക്കില്ലെന്ന് വിദേശമന്ത്രാലയം പ്രതികരിച്ചു. ഒക്‌ടോബർ പത്തിനകം ഉദ്യോഗസ്ഥർ രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പിന്നീട്, ഇരു വിദേശമന്ത്രിമാരും രഹസ്യ കൂടിക്കാഴ്‌ച നടത്തിയതിനെ തുടർന്ന് ഇവർ രാജ്യത്ത് തുടരുകയായിരുന്നു. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ക്യാനഡ ആരോപിച്ചതാണ് നയതന്ത്ര പ്രതിസന്ധിയുണ്ടാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..