22 December Sunday

മണ്ഡല പുനർനിർണയം എളുപ്പമല്ല ; കേവലഭൂരിപക്ഷമില്ലാത്തതിനാൽ ഭരണഘടനാ ഭേദഗതി ബുദ്ധിമുട്ടാകും

പ്രത്യേക ലേഖകൻUpdated: Wednesday Oct 30, 2024


ന്യൂഡൽഹി
അടുത്തവർഷം നടത്താൻ ഉദ്ദേശിക്കുന്ന സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്‌സഭാ മണ്ഡല പുനർനിർണയം എളുപ്പമാവില്ല. ലോക്‌സഭ, നിയമസഭ  മണ്ഡല പുനർനിർണയം 25 വർഷത്തേക്ക്‌ നീട്ടി വാജ്‌പേയ്‌ സർക്കാർ 2002ൽ കൊണ്ടുവന്ന 84–-ാം ഭരണഘടന ഭേദഗതിയാണ്‌ മുഖ്യ കടമ്പ.     2026നുശേഷം നടക്കുന്ന ആദ്യ സെൻസസിന്റെ അടിസ്ഥാനത്തിൽവേണം മണ്ഡലം പുനർനിർണയം എന്നതാണ്‌  ഭേദഗതിയിലെ വ്യവസ്ഥ. കോവിഡിന്റെ പേരിൽ നീട്ടിവച്ച 2021ലെ സെൻസസാണ്‌ 2025ൽ നടത്താൻ പോകുന്നത്‌. 2026നുശേഷമുള്ള ആദ്യ സെൻസസ്‌ 2031ലാണ്‌ പതിവനുസരിച്ച്‌ നടത്തേണ്ടത്‌.

സെൻസസ്‌ സമയചക്രം മാറ്റാൻ മോദിസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. അങ്ങനെവന്നാൽ 2025നുശേഷം സെൻസസ്‌ 2035ൽ മാത്രമായിരിക്കും. 2025ലെ സെൻസസ്‌ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണ്ഡലം പുനർനിർണയം നടത്തണമെങ്കിൽ ഭരണഘടന വീണ്ടും ഭേദഗതി ചെയ്യണം. ലോക്‌സഭയിൽ ബിജെപിക്ക്‌ കേവലഭൂരിപക്ഷമില്ലാത്ത  സാഹചര്യത്തിൽ ഭരണഘടനാ ഭേദഗതികളും ഏകപക്ഷീയ നീക്കങ്ങളും ബുദ്ധിമുട്ടാണ്‌.     അശാസ്‌ത്രീയമായി മണ്ഡലം പുനർനിർണയം നടത്തിയാലുള്ള  രാഷ്‌ട്രീയപ്രത്യഘാതവും പ്രശ്‌നങ്ങളും  പ്രധാനം.

ജനസംഖ്യാടിസ്ഥാനത്തിൽ മാത്രം മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മണ്ഡലങ്ങളുടെ എണ്ണം വൻതോതിൽ കൂടും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വർധന നാമമാത്രമാകും. കേരളത്തിലാകട്ടെ ലോക്‌സഭ മണ്ഡലങ്ങൾ 19 ആയി കുറഞ്ഞേയ്‌ക്കും.  അതിനാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പല രാഷ്‌ട്രീയപാർടികളും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മാത്രം മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിനെ ശക്തമായി എതിർക്കുന്നുണ്ട്‌. ഭരണഘടനയുടെ 368(2) അനുച്ഛേദം അനുസരിച്ച്‌  സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുംമുമ്പ്‌ പാർലമെന്റിൽ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷമോ പകുതി നിയമസഭകളുടെ സമ്മതമോ നേടണമെന്ന വ്യവസ്ഥയുമുണ്ട്‌.  സെൻസസ്‌ പൂർത്തീകരിച്ച്‌  മണ്ഡലം പുനർനിർണയ നടപടിക്രമം തുടങ്ങുംമുമ്പ്‌ നിയമസഭകളുടെ പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടന  അനുച്ഛേദങ്ങൾ  ഭേദഗതി ചെയ്യണം.

    അതേസമയം പ്രതിപക്ഷത്തെ മിക്കവാറും എല്ലാ പാർടികളും എൻഡിഎയിലെ ജെഡിയു അടക്കമുള്ള പാർടികളും ആവശ്യപ്പെടുംവിധം പൊതുസെൻസസിനൊപ്പം ജാതി സെൻസസും നടത്തണമെന്ന ആവശ്യത്തോട്‌ കേന്ദ്രം പുറംതിരിഞ്ഞുനിൽക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top