ന്യൂഡൽഹി
കിഴക്കൻ ലഡാക്കിലെ ദെപ്‌സാങ്, ദെംചോക് മേഖലകളിൽനിന്ന് ഇന്ത്യയുടെയും ചൈനയുടെയും പിൻവാങ്ങൽ നടപടി അന്തിമഘട്ടത്തിൽ. ഔദ്യോഗിക പ്രഖ്യാപനം എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാമെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. ഈ മാസം പട്രോളിങ് പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുസേനകളും. നിയന്ത്രണരേഖയിൽനിന്ന് പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞയാഴ്‌ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തുടർന്ന് ചൈന സ്ഥിരീകരിച്ചു. പിൻവാങ്ങൽ പൂർത്തീകരിച്ച ശേഷം ഇരുസേനയും പരിശോധിച്ച് ഉറപ്പുവരുത്തും. തുടർന്ന് പട്രോളിങ് 2020 ഏപ്രിലിന് മുമ്പുള്ള നിലയിൽ പുനരാരംഭിക്കും. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ് നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും സന്നാഹങ്ങൾ വർധിപ്പിച്ചത്.
ബീജിങ്ങിൽ ക്യൂബൻ ഐക്യദാർഢ്യ സമ്മേളനം ഇന്നുമുതൽ
ബീജിങ്ങിൽ 29നും 30നും നടക്കുന്ന ക്യൂബൻ ഐക്യദാർഢ്യ ഏഷ്യ–-പസഫിക് മേഖല സമ്മേളനത്തിൽ ഇന്ത്യയിൽനിന്ന് പ്രതിനിധികളായി അഞ്ച് പേർ. ക്യൂബൻ ഐക്യദാർഢ്യ ദേശീയ കമ്മിറ്റിയുടെ പ്രതിനിധികളായ നീലോൽപൽ ബസു, പി കൃഷ്‌ണപ്രസാദ്, ആദർശ് എം സജി, അബ്ദുൾ കരീം മുഹമ്മദ് സലിം, ബിജയ്‌കുമാർ പഡിഗാടി എന്നിവരാണ് പത്താം മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സാമ്രാജ്യത്വം ക്യൂബയ്‌ക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ബഹുമുഖ ഉപരോധത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട സാഹചര്യത്തിലാണ് സമ്മേളനം.
ക്യൂബയോടുള്ള ഐക്യദാർഢ്യം കൂടുതൽ കരുത്തുറ്റതാക്കാൻ നിർദേശങ്ങൾ സമ്മേളനം മുന്നോട്ടുവയ്‌ക്കുമെന്ന് ദേശീയ കമ്മിറ്റി കൺവീനർ എം എ ബേബി അറിയിച്ചു. ചൈന ആദ്യമായാണ് ഈ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. ഒന്നാം സമ്മേളനം 1995ൽ കൊൽക്കത്തയിലായിരുന്നു. മൂന്നാം സമ്മേളനം 2006ൽ ചെന്നൈയിലും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..