22 November Friday
നിർണായക നയംമാറ്റം ഉൽപ്പന്ന നിർമാണ മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന വിലയിരുത്തലിൽ

ഉൽപ്പാദനമേഖല ; ചൈനീസ്‌ പങ്കാളിത്തം ശക്തമാക്കാൻ കേന്ദ്രം

പ്രത്യേക ലേഖകൻUpdated: Friday Jul 26, 2024


ന്യൂഡൽഹി
രാജ്യത്തെ ഉൽപ്പാദനമേഖലയിൽ ശക്തമായ ചൈനീസ്‌ പങ്കാളിത്തം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. വ്യവസായമേഖലയിൽനിന്നുള്ള ആവശ്യവും സാമ്പത്തിക സർവേ റിപ്പോർട്ടിലെ നിർദേശവും പരിഗണിച്ചാണ്‌ ഈ നിർണായക നയംമാറ്റം. 2020ൽ കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ചൈനീസ്‌ സൈന്യവുമായുള്ള സംഘർഷത്തെതുടർന്ന്‌ ചൈനയിൽനിന്നുള്ള നിക്ഷേപവും  ചൈനീസ്‌ വിദഗ്‌ധർക്ക്‌ വിസ നൽകുന്നതിലും ഇന്ത്യ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇറക്കുമതിക്ക്‌ ഉയർന്ന തീരുവയും ചുമത്തി. ഇത്‌ രാജ്യത്തെ ഉൽപ്പന്ന നിർമാണ മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ പുനഃപരിശോധന.

ചൈനയിൽനിന്ന്‌ ഉപകരണം വാങ്ങുന്നതിലും  സാങ്കേതിക വിദഗ്‌ധരെ കൊണ്ടുവരുന്നതിലും നാല്‌ വർഷമായി നിലനിൽക്കുന്ന നിയന്ത്രണം വ്യവസായമേഖലയ്‌ക്ക്‌ കടുത്ത വെല്ലുവിളിയായി. ഇന്ത്യ സ്വന്തമായി സാങ്കേതികശേഷി കൈവരിക്കാൻ നടത്തിവരുന്ന ശ്രമം വേണ്ടത്ര വിജയിച്ചിട്ടില്ല. ഇതേത്തുടർന്ന്‌ കേന്ദ്രസർക്കാർ നിലപാടിൽ വരുന്ന മാറ്റം പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ പ്രകടമാണ്‌. ഇന്ത്യൻ ഉൽപ്പാദനമേഖലയെ ശക്തിപ്പെടുത്താനും ആഗോള വിതരണശൃംഖലയിൽ ഇഴുകിച്ചേരാനും ചൈനയുടെ വിതരണശൃംഖലയിൽ പ്രവേശിക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ സാമ്പത്തിക സർവേയിൽ പറയുന്നു. ചൈനയുമായി പൂർണ സഹകരണം വേണോ, ഭാഗിക സഹകരണം വേണോ  എന്നതിൽ  മാത്രമാണ്‌ ഇനി  തീരുമാനം വേണ്ടതെന്നും സാമ്പത്തിക സർവേ നിർദേശിച്ചു.

സൗരോർജം, ഡ്രോൺ സാങ്കേതികവിദ്യ മേഖലകളിൽ ചൈനീസ്‌ വിദഗ്‌ധർക്ക്‌ ഇതിനകം വിസ നിയന്ത്രണം നീക്കിയിട്ടുണ്ട്‌.  ഉൽപ്പാദനമേഖലയിൽ ചൈനീസ്‌ നിർമിത യന്ത്രങ്ങൾ ഇറക്കുമതി ചെയ്‌താൽ അവയുടെ പരിപാലനത്തിന്‌ ഉയർന്ന സാങ്കേതികജ്ഞാനമുള്ള വിദഗ്‌ധർ വേണം. നിയന്ത്രണങ്ങൾക്കിടയിലും 2023– -24ൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയായിരുന്നു. 11,800 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ്‌ ഇക്കാലയളവിൽ നടന്നത്‌. കേന്ദ്രസർക്കാർ ചൈനീസ്‌വിരുദ്ധ പ്രഖ്യാപനം നടത്തുമ്പോഴും ബിജെപി ചൈനയെ ശക്തമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top