16 September Monday
കേന്ദ്ര സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം

പാർലമെന്റ്‌ പ്രത്യേക സമ്മേളനം; ജനകീയ വിഷയമുയര്‍ത്താന്‍ ‘ഇന്ത്യ’ , ഖാർഗെയുടെ വസതിയിൽ നേതാക്കള്‍ യോഗം ചേര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 6, 2023


ന്യൂഡൽഹി
മോദി സർക്കാർ18 മുതൽ 22 വരെ വിളിച്ചുചേർത്തിട്ടുള്ള പ്രത്യേക പാർലമെന്റ്‌ സമ്മേളനത്തിൽ വിലക്കയറ്റം, തൊഴിലില്ലായ്‌മ, മണിപ്പുർ കലാപം തുടങ്ങിയ ജനകീയ വിഷയങ്ങൾ ഉയർത്താൻ ‘ഇന്ത്യ’ കൂട്ടായ്‌മയിലെ പാർടികൾക്കിടയിൽ ധാരണയായി. കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ‘ഇന്ത്യ’ കൂട്ടായ്‌മയിലെ കക്ഷികളുടെ പാർലമെന്ററി പാർടി പ്രതിനിധികളുടെ യോഗമാണ്‌ പ്രത്യേക സമ്മേളനത്തിൽ ജനകീയ പ്രശ്‌നങ്ങളും വിഷയങ്ങളും ഉയർത്താൻ തീരുമാനമെടുത്തത്‌. പ്രത്യേക സമ്മേളനത്തിന്റെ അജൻഡ വെളിപ്പെടുത്താൻ കൂട്ടാക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെ ‘ഇന്ത്യ’ കക്ഷികൾ നിശിതമായി വിമർശിച്ചു. ‘ഇന്ത്യ’ കൂട്ടായ്‌മയിലെ പാർടികൾ കൂടുതൽ യോജിപ്പോടെ നിലകൊള്ളും. കേന്ദ്രസർക്കാരിന്റെ ജനദ്രോഹങ്ങൾ തുറന്നുകാട്ടാനുള്ള വേദിയായി പാർലമെന്റ്‌ സമ്മേളനത്തെ മാറ്റും.

സിപിഐ എമ്മിനെ പ്രതിനിധാനംചെയ്‌ത്‌ വി ശിവദാസൻ പങ്കെടുത്തു. ഖാർഗെയ്‌ക്ക്‌ പുറമെ കെ സി വേണുഗോപാൽ, ടി ആർ ബാലു, സുപ്രിയ സുലെ, ബിനോയ്‌ വിശ്വം, രാംഗോപാൽ യാദവ്‌, ഡെറിക്ക്‌ ഒബ്രിയൻ, മനോജ്‌ ഝാ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജനകീയ വിഷയങ്ങൾ പ്രത്യേക സമ്മേളനത്തിൽ ഉയർത്തണമെന്ന്‌ വി ശിവദാസൻ യോഗത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ സമ്മേളനത്തിൽ അപകടകരമായ ഒട്ടനവധി ബില്ലുകൾ കേന്ദ്ര സർക്കാർ കൊണ്ടുവന്നു. പല ബില്ലും പ്രതിപക്ഷ പ്രതിഷേധത്തിനിടെ സർക്കാർ ഏകപക്ഷീയമായി പാസാക്കി. ബില്ലുകളിൽ ചർച്ച ഉറപ്പാക്കണം. ജനദ്രോഹ വ്യവസ്ഥകളെ തുറന്നുകാട്ടണം–- ശിവദാസൻ യോഗത്തിൽ പറഞ്ഞു.

‘ഇന്ത്യ’ യോഗത്തിനു മുമ്പായി കോൺഗ്രസ്‌ പാർലമെന്ററി സ്‌ട്രാറ്റജിക്ക്‌ കമ്മിറ്റി സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ജനകീയ വിഷയങ്ങൾ പാർലമെന്റിൽ ഉയർത്താനാണ്‌ കോൺഗ്രസ്‌ യോഗത്തിലും ധാരണയായത്‌. പ്രത്യേക സമ്മേളനത്തിൽ പങ്കാളികളാകുമെന്ന്‌ യോഗത്തിനുശേഷം ജയ്‌റാം രമേശ്‌ അറിയിച്ചു. അജൻഡ എന്തെന്ന്‌ സർക്കാർ വ്യക്തമാക്കണം. രാജ്യത്തോട്‌ കേന്ദ്ര സർക്കാർ കാട്ടുന്ന ഒളിച്ചുകളി അപകടകരമാണ്‌–- ജയ്‌റാം രമേശ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top