19 December Thursday
പൊതുകടം കുതിച്ചത്‌ 25 ശതമാനം , വിദേശ കടത്തിലും വർധന

കേന്ദ്രകടം 
176 ലക്ഷം കോടി ; 6.61 ലക്ഷം കോടികൂടി കടമെടുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024


ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ പൊതുകടം 176 ലക്ഷം കോടി രൂപയിലെത്തിയെന്ന്‌ ധനമന്ത്രാലയം. 2024 ജൂണിൽ അവസാനിക്കുന്ന പാദത്തിലെ കണക്കാണ്‌ പുറത്തുവന്നത്‌. മുൻ സാമ്പത്തിക വർഷത്തിൽ കേന്ദ്രകടം 141 ലക്ഷം കോടി രൂപയായിരുന്നു. ഒറ്റയടിക്ക്‌ 25 ശതമാനമാണ്‌ വർധന. ഇതിനുപുറമേ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ 6.61 ലക്ഷം കോടിരൂപ കൂടി കടമെടുക്കും. ഈ മാസം അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 7.4 ലക്ഷം കോടി കടമെടുത്തിരുന്നു. നടപ്പ്‌ സാമ്പത്തിക വർഷത്തിൽ കടമെടുപ്പ്‌ പരിധി 14.01 ലക്ഷം കോടിയാണ്‌.

മന്ത്രാലയത്തിന്റെ റിപ്പോർട്ട്‌ പ്രകാരം വിദേശകടത്തിലും വൻ വർധനയാണുള്ളത്‌. 8.50 ലക്ഷം കോടിയിൽനിന്ന്‌ 9.78 ലക്ഷം കോടിയായി. ആകെ കേന്ദ്രകടത്തിൽ 149 ലക്ഷം കോടി രൂപയാണ്‌ ആഭ്യന്തരമായി കടമെടുത്തത്‌. സർക്കാർ ബോണ്ടുകൾവഴി 104.5 ലക്ഷം കോടി, ചെറുകിട സമ്പാദ്യങ്ങൾക്കുള്ള സെക്യുരിറ്റിവഴി 27 ലക്ഷം കോടി, ട്രഷറി ബില്ലുകളിലൂടെ 10.5 ലക്ഷം കോടി, സ്വർണ ബോണ്ടുകൾവഴി 78,500 കോടി എന്നിങ്ങനെയാണ്‌.

കോവിഡ്‌ മഹാമാരിയിലെ കടമെടുപ്പിനുള്ള തിരിച്ചടവിന്‌ നിലവിലെ കടമെടുപ്പ്‌ ആവശ്യമാണെന്നാണ്‌ ധന സെക്രട്ടറി അജയ് സേത്തിന്റെ ന്യായീകരണം.  നടപ്പ്‌ സാമ്പത്തിക വർഷം സോവറിൻ ഗ്രീൻ ബോണ്ടുകൾ വഴി 20,000 കോടി രൂപ സമാഹരിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. റവന്യു വരുമാനത്തിന്റെ 19 ശതമാനം കേന്ദ്രസർക്കാർ പലിശയായി അടയ്‌ക്കുകയാണ്‌.

നടപ്പ്‌ സാമ്പത്തിക വർഷംമാത്രം 11.6 ലക്ഷം കോടി രൂപ പലിശ നൽകണം.  
പ്രതീക്ഷിത ജിഡിപിയായ 326 ലക്ഷം കോടിയിൽ 54 ശതമാനവും കടമാണ്‌. ഈ സാമ്പത്തികവർഷം മുതൽ കടം–- ജിഡിപി അനുപാതം ഒരു ശതമാനം കുറച്ചുകൊണ്ടുവരുമെന്ന ബജറ്റ്‌ പ്രഖ്യാപനവും അടുത്തെങ്ങും നടപ്പാകില്ല.    കടമെടുപ്പ്‌ പരിധി പൊടുന്നനെ കുറച്ചുള്ള നീക്കം സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പുണ്ട്‌. അതേസമയം യഥേഷ്‌ടം കടമെടുക്കുന്ന കേന്ദ്രം, കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ കടമെടുപ്പ്‌ പരിധി ഫെഡറൽ തത്വങ്ങൾക്ക്‌ വിരുദ്ധമായി വെട്ടിക്കുറച്ചിരുന്നു. സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരായി കേരളം നൽകിയ ഹർജി സുപ്രീംകോടതി ഭരണഘടനബെഞ്ചിന്റെ പരിഗണനയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top