24 November Sunday

കൊറോണ വൈറസ്‌: വുഹാനിൽ നിന്ന്‌ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ആദ്യ വിമാനം ഇന്ന്‌ പുറപ്പെടും

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020

ന്യൂഡൽഹി> കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനില്‍ നിന്ന് മലയാളികള്‍ അടക്കമുള്ള അറുന്നൂറ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയര്‍ ഇന്ത്യയുടെ ആദ്യവിമാനം ഇന്ന് പുറപ്പെടും. എയര്‍ ഇന്ത്യയുടെ ബി 747 വിമാനം ഇന്ന് ഉച്ചയ്ക്ക് 12 30 ഓടെയാണ് ചൈനയിലേക്ക് പുറപ്പെടുക. വിമാനം ദില്ലിയില്‍ നിന്നും വുഹാനിലേക്കാണ് വിമാനം പുറപ്പെടുന്നത്. 

ഇവരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യ നേരത്തെ ചൈനയുടെ അനുമതി തേടിയിരുന്നു. ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ പുറപ്പെടുന്നത്. വൈറസ് ബാധയേറ്റവര്‍ യാത്രയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തും

ആറ് മണിക്കൂറിനുള്ളില്‍ വിമാനം വുഹാനിലെത്തും.വുഹാൻ, ഹുബെയ് പ്രവിശ്യകളിൽ നിന്നുള്ളവരെ എത്തിക്കാൻ അനുമതി ലഭിച്ചതായി വിദേശ കാര്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

അതേസമയം രോഗബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ട്. പെണ്‍കുട്ടി സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരെയും നിരീക്ഷിക്കും. പെണ്‍കുട്ടിയുമായി ഇടപഴകിയ മുഴുവന്‍ ആളുകളെയും നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ കണ്ടെത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

കൃത്യമായ അവലോകനവും ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ചൈനയ്ക്ക് പുറത്തേക്കും വ്യാപകമായി കൊറോണ പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

9000 ല്‍ അധികം ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ച അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. 8100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ലോകാരോഗ്യ സംഘടന പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top