ന്യൂഡൽഹി> ഇന്ത്യയിൽ പ്രവാസത്തിൽ കഴിയുന്ന ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്‌റീന്റെ താമസാനുമതി പുതുക്കി നൽകി. ജൂലൈ 22 മുതൽ ആഭ്യന്തര മന്ത്രാലയം അനുമതി പുതുക്കി നൽകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് തസ്ലിമ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
മഹത്തായ ഈ രാജ്യത്തെ സ്‌നേഹിക്കുന്നുവെന്നും ഇന്ത്യ 20 വർഷമായി രണ്ടാം വീടാണെന്നും അവർ എക്‌സിൽ കുറിച്ചിരുന്നു. അനുമതി ലഭിച്ചതിന് പിന്നാലെ അമിത് ഷായ്‌ക്ക് അവർ നന്ദി പറഞ്ഞു. ബംഗ്ലാദേശിലെ മത മൗലികവാദികൾ ലക്ഷ്യമിട്ടിരിക്കുന്ന തസ്‌ലിമ 2012 മുതൽ ഡൽഹിയിലാണ് താമസം. ബംഗ്ലാദേശിലെ ഹിന്ദു കുടുംബം നേരിടുന്ന പീഡനങ്ങൾ ഇതിവൃത്തമാക്കി അവർ എഴുതിയ ലജ്ജ എന്ന നോവലാണ് മതമൗലികവാദികളെ ചൊടിപ്പിച്ചത്.
1993ൽ ഇവർക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു. 1994ൽ രാജ്യംവിട്ട തസ്‌ലിമ സ്വീഡൻ, ജർമനി, ഫ്രാൻസ് ,അമേരിക്ക എന്നിവടങ്ങളിലെ പ്രവാസ ജീവിതത്തിന് ശേഷം 2004ലാണ് കൊൽക്കത്തയിൽ എത്തിയത്. 2012ൽ ഡൽഹിയിലേയ്‌ക്ക് മാറി. സ്വീഡിഷ് പൗരത്വമുള്ള തസ്‌ലിമയ്‌ക്ക് ഇന്ത്യ താമസാനുമതി നീട്ടി നൽകുക പതിവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..