22 October Tuesday

'ഇന്ത്യ എന്റെ രണ്ടാമത്തെ വീടാണ്‌, ഇവിടെ തുടരാൻ അനുവദിക്കണം'; തസ്ലീമ നസ്‍റിന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

ന്യൂഡൽഹി>  ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‍റിന്‍. എക്‌സിലൂടെയാണ്‌ എഴുത്തുകാരി  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യം ഉന്നയിച്ചത്‌.  "പ്രിയപ്പെട്ട അമിത്ഷാ ജി. ഞാൻ ഈ മഹത്തായ രാജ്യത്തെ സ്നേഹിക്കുന്നതിനാലാണ് ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നത്‌. കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യ എന്റെ രണ്ടാമത്തെ വീടാണ്. ജൂലൈ 22 മുതല്‍ ആഭ്യന്തര മന്ത്രാലയം എന്റെ താമസാനുമതി നീട്ടിനല്‍കുന്നില്ല. അതിനാല്‍ ഞാന്‍ വളരെ വിഷമത്തിലാണ്. ഇവിടെ തുടരാന്‍ അനുവദിച്ചാല്‍ അതിന് ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും''- എന്നാണ്‌ തസ്ലീമ നസ്‍റിന്‍ എക്സിൽ കുറിച്ചത്‌.

തന്റെ രചനകളുടെ പേരിൽ സ്വന്തം നാട്ടിൽ നിന്ന്‌ നാടുകടത്തപ്പെട്ട എഴുത്തുകാരിയാണ്‌ തസ്ലീമ നസ്‍റിന്‍. "ലജ്ജ" (1993), "അമർ മെയേബെല" (1998) എന്നിവയുൾപ്പെടെയുള്ള പുസ്തകങ്ങൾ ബംഗ്ലാദേശ് സർക്കാർ നിരോധിച്ചു. ബാബറി മസ്ജിദ് തകർത്തതിന് ശേഷം ഇന്ത്യയിൽ അരങ്ങേറിയ ഹിന്ദു–- മുസ്ലിം ആക്രമണങ്ങൾ, ബലാത്സംഗം, കൊള്ളകൾ, കൊലപാതകങ്ങൾ എന്നിവയെക്കുറിച്ച്‌ തുറന്നെഴുതിയതിനാൽ "ലജ്ജ" കടുത്ത വിമർശനത്തിന് വിധേയമായി.

ബംഗ്ലാദേശ്‌ സർക്കാർ നാടുകടത്തിയതിനെ തുടർന്ന്‌ തസ്ലീമ ആദ്യം ഇന്ത്യയിലും പിന്നീട് സ്വീഡനിലും അഭയം തേടി. സ്വന്തം രാജ്യത്ത്‌ പ്രവേശിക്കാൻ വിലക്കുകളുണ്ടായിട്ടും അതിനെയെല്ലാം മറികടന്ന്‌ 1998ല്‍ രോഗിണിയായ അമ്മയെ കാണാന്‍ അവർ ബംഗ്ലാദേശിൽ എത്തി. എന്നാൽ അധികം വൈകാതെ തസ്ലീമയ്ക്ക്‌ രാജ്യം വിടേണ്ടി വന്നു. 10 വർഷത്തോളം അവർ  സ്വീഡൻ, ജർമ്മനി, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളിൽ അഭയാർഥിയായി കഴിഞ്ഞു.  2004ൽ തസ്ലീമ കൊൽക്കത്തയിലെത്തി. 2007ൽ അവർ കൊൽക്കത്തയിൽ നിന്നും ഡല്‍ഹിയിലേക്ക് താമസം മാറി.  മൂന്ന് മാസത്തോളം ഡൽഹിയിൽ താമസിച്ചതിന് ശേഷം 2008ൽ അമേരിക്കയിലേക്ക്‌ പോയി. പിന്നീട്‌ ഒമ്പത്‌ വർഷങ്ങൾക്ക്‌ ശേഷം തസ്ലീമ ഇന്ത്യയിൽ തിരിച്ചെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top