22 November Friday

പ്രതിരോധത്തിൽ വീഴ്‌ച : രോഗം പടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020


ന്യൂഡൽഹി
രാജ്യവ്യാപക അടച്ചുപൂട്ടൽ  രണ്ടുമാസം പിന്നിട്ടിട്ടും കോവിഡ്‌ വ്യാപനം ഫലപ്രദമായി നേരിടുന്നതിൽ കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ദയനീയമായി പരാജയപ്പെട്ടു. രോഗബാധിതരുടെ  പ്രതിദിന വർധനയിൽ അമേരിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങൾക്കു പിന്നാലെ നാലാം സ്ഥാനത്താണ്‌ ഇന്ത്യ. രാജ്യത്ത്‌ രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷത്തോടടുത്തു‌.

ചൊവ്വാഴ്‌ച രാവിലെവരെ 4167 മരണം. മഹാരാഷ്ട്രയിൽമാത്രം 1695 പേർ മരിച്ചു. ഗുജറാത്തിൽ -888, മധ്യപ്രദേശിൽ 300, പശ്ചിമബംഗാളിൽ 278, ഡൽഹിയിൽ 276, രാജസ്ഥാനിൽ 167, ഉത്തർപ്രദേശിൽ 165, തമിഴ്‌നാട്ടിൽ 118, ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും 56 വീതം, കർണാടകത്തിൽ 44, പഞ്ചാബിൽ 40, ജമ്മു -കശ്‌മീരിൽ 23 എന്നിങ്ങനെയാണ്‌ മരണം. പട്ടിണിയിലായവർക്ക്‌ സഹായം എത്തിക്കുന്നതിൽ വരുത്തിയ വീഴ്‌ചയാണ്‌ രോഗവ്യാപനത്തിനു കാരണം. മഹാനഗരങ്ങളിൽ ഭക്ഷണവിതരണകേന്ദ്രങ്ങൾക്കുമുന്നിൽ ജനങ്ങൾ‌ മണിക്കൂറുകൾ വരിനിൽക്കുകയാണ്‌. ശാരീരിക അകലം പാലിക്കുന്നില്ല. കേന്ദ്രസർക്കാർ  പ്രഖ്യാപിച്ച അഞ്ച്‌ കിലോവീതം സൗജന്യഭക്ഷ്യധാന്യം 30 കോടിയോളം ദരിദ്രർക്ക്‌ ലഭിച്ചില്ല. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വിമുഖത കാട്ടി. മഹാരാഷ്ട്രയിൽനിന്ന്‌ വിവിധ സംസ്ഥാനങ്ങളിലേക്ക്‌ മടങ്ങുന്നവരിൽ വൻതോതിൽ രോഗം പടരുകയാണ്‌. ഡൽഹിയിൽനിന്ന്‌ ബിഹാറിൽ മടങ്ങിയെത്തിയ തൊഴിലാളികളിൽ നാലിൽ ഒരാൾക്ക്‌ രോഗമുണ്ട്‌. രോഗികളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ, ക്വാറന്റൈൻ സംവിധാനം എന്നിവ പേരിനുമാത്രം. ആരോഗ്യസേതുവിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്‌.

മഹാരാഷ്ട്ര, ഗുജറാത്ത്‌, ഡൽഹി സംസ്ഥാനങ്ങളിൽ പൊതുആരോഗ്യ സംവിധാനം പകച്ചുനിൽക്കുകയാണ്‌. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്‌ക്ക്‌ ലക്ഷങ്ങൾ വേണം. ഡൽഹിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ അഞ്ചരലക്ഷം രൂപയാണ്‌ രോഗിയെ പ്രവേശിപ്പിക്കാൻ കെട്ടിവക്കേണ്ടത്‌. കേന്ദ്രം പ്രഖ്യാപിച്ച പാക്കേജ്‌ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഉതകുന്നതല്ല. സാഹചര്യം മുതലെടുത്ത്‌ സർവമേഖലയും കോർപറേറ്റുകൾക്ക്‌ തീറെഴുതുകയാണ്‌ മോഡിസർക്കാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top