ന്യൂഡൽഹി
കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നതിനാല്‍ മേയ് 31നു ശേഷം രണ്ടാഴ്ച കൂടി രാജ്യവ്യാപക അടച്ചിടൽ നീട്ടിയേക്കും. കൂടുതൽ ഇളവുകളോടെയും പരിമിത നിയന്ത്രണങ്ങളോടെയുമാകും അഞ്ചാംഘട്ട അടച്ചിടൽ. രാജ്യത്ത് രോഗത്തിന്റെ 70 ശതമാനവും നിലനില്‍ക്കുന്ന 11 നഗരം കേന്ദ്രീകരിച്ചാകും നിയന്ത്രണങ്ങൾ. ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത പുണെ, താനെ, ജയ് പൂര്‍, സൂറത്ത്, ഇൻഡോർ നഗരമേഖലയിൽ അടച്ചിടൽ ശക്തമായി തുടരും.
മെയ് 31 വരെയുള്ള നാലാംഘട്ട നിയന്ത്രണ കാലയളവിൽ മദ്യശാല തുറക്കുന്നതടക്കമുള്ള ഇളവ് കേന്ദ്രം നൽകി. കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾക്കും ആഭ്യന്തര വിമാന സർവീസുകൾക്കും തുടക്കമിട്ടു. മാർക്കറ്റുകൾ തുറന്നു. ഓട്ടോ-ടാക്‌സി, ബസ് സർവീസ് എന്നിവയും അനുവദിച്ചു. അഞ്ചാംഘട്ട അടച്ചിടൽ കാലയളവിൽ ആരാധനാലയങ്ങളും ജിംനേഷ്യങ്ങളും മറ്റും തുറക്കാൻ അനുവദിച്ചേക്കും. സാമൂഹ്യ അകലമടക്കമുള്ള മാനദണ്ഡം പാലിക്കണമെന്ന നിര്‍ദേശത്തോടെയാകും അനുമതി. എന്നാൽ, മതപരമായ കൂട്ടായ്മകൾക്കും ഉത്സവങ്ങൾക്കുമൊക്കെ വിലക്ക് തുടരും.
മാളുകൾ, സിനിമാശാലകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങിയ വലിയ ആൾക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളൊക്കെ അടഞ്ഞു കിടക്കും. ജൂണിൽ സ്‌കൂള്‍ തുറക്കാൻ ചില സംസ്ഥാനങ്ങൾ താൽപര്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രം അനുവദിക്കാനിടയില്ല. മെയ് 31ന് മന്‍ കീ ബാത്ത് പരിപാടിയിൽ അഞ്ചാംഘട്ട അടച്ചിടലിനെക്കുറിച്ചുള്ള വിശദാംശം വെളിപ്പെടുത്തിയേക്കും.
കണ്ടയ്‌ൻമെന്റ് സോണുകളിൽ മരുന്ന് വീട്ടിലെത്തിക്കാം
കണ്ടയ്‌ൻമെന്റ് സോണുകളിൽ ആവശ്യക്കാർക്ക് മരുന്ന് വീട്ടിലെത്തിച്ചുകൊടുക്കാൻ അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗർഭിണികളുടെയും കുട്ടികളുടെയും പ്രായമായവരുടെയും ആരോഗ്യം കണക്കിലെടുത്താണിത്.
● കോവിഡ് വ്യാപനത്തിനിടയിലും പശ്ചിമ ബംഗാളിൽ ബസ് സർവീസ് ആരംഭിച്ചു. സർക്കാർ ഓഫീസുകൾ തുറന്നു പ്രവർത്തിച്ചു
● മുംബൈയിൽ സൈന്യത്തെ വിന്യസിക്കുമെന്ന വാർത്ത വ്യാജമെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും മന്ത്രി
● ബുധനാഴ്ച അഞ്ചുപേർക്കുകൂടി കോവിഡ് പോസിറ്റീവായതോടെ പുതുച്ചേരിയിൽ രോഗികളുടെ എണ്ണം 39 ആയി
● കർണാടകത്തിൽ ജൂൺ ഒന്നുമുതൽ ക്രിസ്‌ത്യൻ, മുസ്ലിംപള്ളികൾ തുറക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ക്ഷേത്രങ്ങൾ ജൂൺ ഒന്നിന് തുറക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു
● കർണാടകത്തിൽ രോഗികളുടെ എണ്ണം 2405 ആയി
● ബുധനാഴ്ച 792 പേർക്കുകൂടി കോവിഡ് ബാധിച്ചതോടെ ഡൽഹിയിൽ ആകെ രോഗികളുടെ എണ്ണം 15,257 ആയി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..