ന്യൂഡൽഹി
ഇന്ത്യ–- ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായ ലഡാക്കിലെ സംഘർഷ മേഖലയിൽനിന്ന് ഇരുസൈന്യവും പിൻമാറ്റം തുടങ്ങി. ദെംചോക്, ദെപ്‌സാങ് മേഖലകളിൽനിന്നുള്ള പിന്മാറ്റം ചൊവ്വാഴ്‌ചയോടെ പൂർണമാകും. തുടർന്ന് പട്രോളിങ് പുനഃരാരംഭിക്കും. നിയന്ത്രണ രേഖയിൽ പട്രോളിങ് തുടരാൻ ദിവസങ്ങൾക്ക് മുമ്പാണ് ധാരണയായത്. ഏറ്റുമുട്ടലുണ്ടായ 2020 ഏപ്രിലിന് മുമ്പുള്ള സ്ഥിതിയിലേക്കാണ് മാറ്റം. ഗാൽവൻ അടക്കം നാല് തർക്കപ്രദേശങ്ങളിലെ പിൻവാങ്ങലുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങിയിട്ടില്ല.
ദെംചോകിൽ ഇരുഭാഗത്തും അഞ്ച് ടെന്റുകൾ വീതം നീക്കി. ദെപ്‌സാങ്ങിൽ ഇരുഭാഗത്തുമുള്ള താൽകാലിക നിർമിതികളിൽ പകുതിയോളം ഒഴിവാക്കി. ഇന്ത്യൻ സൈന്യം ചാർദിങ് നാലയുടെ പടിഞ്ഞാറൻ ഭാഗത്തേക്കും ചൈനീസ് സൈന്യം കിഴക്കൻ ഭാഗത്തേക്കും പിൻവാങ്ങി.
ചൈനീസ് സൈന്യം വാഹനങ്ങളുടെ എണ്ണം കുറച്ചു, ഇന്ത്യ സൈനികരുടെ എണ്ണവും. ദെപ്‌സാങ്, ദെംചോക് മേഖലകളിൽ അടുത്ത നാലഞ്ച് ദിവസത്തിനകം പട്രോളിങ് പുനഃരാരംഭിക്കാനാണ് ശ്രമം. ഇരുപക്ഷത്തെയും സൈനിക കമാൻഡർമാർ ദിവസവും ഹോട്ട്‌ലൈനിൽ നടപടികൾ ചർച്ച ചെയ്യുന്നുണ്ട്. പുറമെ നിർദിഷ്ട കേന്ദ്രങ്ങളിൽ ദിവസവും ഒന്നിലേറെ തവണ നേരിട്ടുള്ള കൂടിക്കാഴ്‌ചയുമുണ്ട്.
സൈനിക പിൻവാങ്ങലിന്റെ കാര്യത്തിൽ ചൈനയുമായി ധാരണയിൽ എത്തിയതായി ഒക്‌ടോബർ 21നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം ചൈനയും സ്ഥിരീകരിച്ചു. റഷ്യയിലെ കസാനിൽ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും കൂടിക്കാഴ്‌ച നടത്തി സമാധാനത്തിനുള്ള സഹകരണം തുടരാനും ധാരണയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..