13 November Wednesday

അഗ്‌നിപഥ് പദ്ധതി : സൈന്യത്തിന് മരണമണി ; വിമർശം ശക്തം

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022


ന്യൂഡൽഹി
സൈന്യത്തിലേക്ക്‌ താൽക്കാലിക റിക്രൂട്ട്‌മെന്റിന്‌ വഴിയൊരുക്കുന്ന അഗ്‌നിപഥ്‌ പദ്ധതിക്കെതിരായ വിമർശം ശക്തം. സൈന്യത്തിന്റെ മരണമണി മുഴക്കുന്നതാണ്‌ പദ്ധതിയെന്ന്‌ സൈനിക നടപടികളുടെ ചുമതലയുണ്ടായിരുന്ന ലെഫ്‌. ജനറൽ വിനോദ്‌ ഭാട്യ പറഞ്ഞു. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടില്ല. ഇത്രവലിയ മാറ്റത്തിന്‌ മുതിരുമ്പോൾ എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാകാമെന്ന്‌ പഠിക്കേണ്ടിയിരുന്നു–- ഭാട്യ ചൂണ്ടിക്കാട്ടി.

പുതിയ റിക്രൂട്ട്‌മെന്റ്‌ രീതി സിഖ്‌, ജാട്ട്‌, ഗൂർഖ തുടങ്ങിയ സിംഗിൾ ക്ലാസ്‌ റജിമെന്റുകള്‍ ഇല്ലാതാക്കുമെന്ന്‌ സമീപകാലത്ത്‌ ബിജെപിയോട്‌ സഹകരിച്ച്‌ പ്രവർത്തിച്ചിരുന്ന പഞ്ചാബ്‌ മുൻ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ്‌ പ്രതികരിച്ചു. സൈനിക കാര്യത്തില്‍ ലാഭേച്ഛ പാടില്ലെന്ന് മുതിർന്ന സൈനികോദ്യോഗസ്ഥനായ ലെഫ്‌. ജനറൽ യാഷ്‌മോർ ചൂണ്ടിക്കാട്ടി.

നാലുവർഷം ഒരു സൈനികനെ യുദ്ധ സജ്ജമാക്കാൻ പര്യാപ്‌തമല്ലെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. യുദ്ധംപോലുള്ള നിർണായകഘട്ടത്തില്‍ താത്കാലിക സര്‍വീസുകാര്‍ ആത്മാർഥത കാട്ടില്ല, അപകടസാധ്യതയുള്ള ദൗത്യം ഏറ്റെടുക്കാൻ മടിക്കും, നാലുവർഷം കഴിഞ്ഞ് പിരിയുന്ന 75 ശതമാനം പേരുടെ ഭാവിയില്‍ അവ്യക്തതയുണ്ടെന്നും വിമർശം ഉയരുന്നു. സർവീസിൽ പ്രവേശിക്കുന്നവരിൽ 75 ശതമാനവും 22–-25 പ്രായത്തിൽ പിരിയേണ്ടിവരും. സേവന കാലയളവിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടാനാകില്ല.

യോഗ്യത 
10–-ാം ക്ലാസ്‌
പത്താം ക്ലാസ്‌ പാസായ പതിനേഴരമുതൽ 21 വയസ്സുവരെയുള്ളവർക്ക്‌ അഗ്‌നിപഥ്‌ സർവീസിന്‌ അപേക്ഷിക്കാം. നാലുവർഷ കാലയളവിൽ 31000 മുതൽ 40000 വരെയാണ്‌ ശമ്പളം. ഇതിന്റെ 30 ശതമാനം പിരിയുമ്പോൾ നൽകുന്ന തുകയ്‌ക്കായി പിടിക്കും. തത്തുല്യമായ തുക സർക്കാരും മുടക്കും. 48 ലക്ഷം രൂപയുടെ ലൈഫ്‌ ഇൻഷുറൻസുണ്ടാകും. സേവനത്തിനിടെ മരിച്ചാൽ 44 ലക്ഷം രൂപ നഷ്ടപരിഹാരവും ശേഷിക്കുന്ന സേവന കാലയളവിലെ ശമ്പളവും ബന്ധുക്കൾക്ക്‌ ലഭിക്കും. അപകടം സംഭവിച്ചാൽ 15 ലക്ഷം മുതൽ 44 ലക്ഷം രൂപവരെ ലഭിക്കും.

കേന്ദ്രസേനകളിലേക്ക്‌ 
പരിഗണിക്കുമെന്ന്‌
സൈന്യത്തിലേക്ക്‌ നാലുവർഷത്തേക്കുമാത്രം നിയമിക്കുന്ന അഗ്‌നിപഥ്‌ റിക്രൂട്ടുകളുടെ ഭാവിയെക്കുറിച്ച്‌ ചോദ്യം ഉയർന്നതോടെ, അവർക്ക്‌ കേന്ദ്രസേനകളിലും അസം റൈഫിൾസിലും മുൻഗണന നൽകുമെന്ന പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി അമിത്‌ ഷാ. ഇതിനായി നയരൂപീകരണത്തിന്‌ ആഭ്യന്തര മന്ത്രാലയം തുടക്കമിട്ടെന്നും അമിത്‌ ഷായുടെ ഓഫീസ്‌ ട്വിറ്ററിൽ അറിയിച്ചു. അഗ്‌നിപഥ്‌ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഡിഗ്രി വാഗ്‌ദാനം ചെയ്‌ത്‌ കേന്ദ്ര വിദ്യാഭ്യാസ വകുപ്പും രംഗത്തെത്തി.സേവന കാലയളവിൽ മൂന്ന്‌ വർഷത്തെ നൈപുണ്യാധിഷ്‌ഠിത ഡിഗ്രി കോഴ്‌സാണ്‌ അനുവദിക്കുന്നത്.ഇഗ്‌നോ ആണ്‌ കോഴ്‌സ്‌ നടത്തുക. ജ്യോതിഷം അടക്കമുള്ള വിഷയങ്ങളുണ്ട്‌.

ബിഹാറിൽ പ്രക്ഷോഭം
സൈന്യ‍‍‍‍ത്തിൽ താൽക്കാലിക നിയമനം അടിച്ചേൽപ്പിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ പ്രതിഷേധം. സ്ഥിരനിയമനം ലക്ഷ്യമിട്ട്‌ പരിശീലിച്ചിരുന്നവരാണ്‌ ബുധനാഴ്‌ച മുസാഫർപുരിലെ ഹൈവേയും ബക്‌സറിലെ റെയിൽവേ ട്രാക്കും ഉപരോധിച്ചത്‌. റിക്രൂട്ട്‌മെന്റ് റാലി നടക്കുന്ന ചക്കർ മൈതാനത്തിനടുത്തും സമരം നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top