24 November Sunday

ഇന്ദിരയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി
 ദേശീയ രാഷ്ട്രീയ‍ത്തിലേക്ക്

എം അഖിൽUpdated: Thursday Sep 12, 2024

ചാൻസലർ സ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ കുറ്റപത്രം യെച്ചൂരി ഇന്ദിരാഗാന്ധിയെ വായിച്ചു കേൾപ്പിക്കുന്നു


ന്യൂഡൽഹി
രാജ്യം കണ്ട ആദ്യത്തെ വലിയ അധികാരദുർവിനിയോഗത്തിന്റെ ദുർദിനങ്ങളിൽ ജനാധിപത്യവിരുദ്ധ നടപടികൾ അടിച്ചേൽപ്പിച്ച ഭരണവർഗത്തിനെതിരെ പോരാടിയാണ് സീതാറാം യെച്ചൂരി രാഷ്ട്രീയക്കളരിയിൽ ചുവടുറപ്പിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് ജെഎൻയുവിൽ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് കൺവീനറായും പിന്നീട് ജെഎൻയു വിദ്യാർഥി യൂണിയന്റെ അമരക്കാരനായും യെച്ചൂരി നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിച്ചു. അടിയന്തരാവസ്ഥയിൽ ഒളിവിൽ പോയ യെച്ചൂരി പിന്നീട്‌ അറസ്റ്റിലായി. അടിയന്തരാവസ്ഥയ്‌ക്കുശേഷം അതിന്റെ ഉത്തരവാദികളെ ശിക്ഷിക്കണമെന്ന ആവശ്യമുന്നയിച്ചും യെച്ചൂരിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ അരങ്ങേറി.

1977 സെപ്തംബർ അഞ്ചിന് ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന യെച്ചൂരിയുടെ നേതൃത്വത്തിൽ അഞ്ഞൂറിലേറെ വിദ്യാർഥികൾ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് ചെയ്‌തു. ചാൻസലർ സ്ഥാനത്ത് തുടരാൻ ഇന്ദിരയ്‌ക്ക്‌ അർഹതയില്ലെന്ന മുദ്രാവാക്യം മുഴക്കി നീങ്ങിയ മാർച്ച് ഇന്ദിരയുടെ വസതിക്കുമുന്നിലെത്തി. ഇന്ദിരയെ കാണണമെന്നും വിദ്യാർഥികൾ അവർക്കെതിരെ തയ്യാറാക്കിയ കുറ്റപത്രം വായിച്ചുകേൾപ്പിക്കണമെന്നും യെച്ചൂരി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അവർ അകത്തുപോയി ‘മാഡത്തിനെ’ സാഹചര്യങ്ങൾ അറിയിച്ചു. നാലോ അഞ്ചോ കുട്ടികൾക്ക് വേണമെങ്കിൽ അകത്തേക്ക് വരാമെന്നായിരുന്നു മറുപടി.

എന്നാൽ, എല്ലാവരും ഒരുമിച്ചാണ് ഇതുവരെ വന്നതെന്നും അകത്തേക്കും അങ്ങനെമാത്രമേ പറ്റുള്ളൂവെന്നും യെച്ചൂരി മറുപടി നൽകി. ഇതേത്തുടർന്ന് എല്ലാ വിദ്യാർഥികളും മുറ്റത്തെ പുൽത്തകിടിയിൽ നിരന്നു. അൽപ്പസമയത്തിനുള്ളിൽ സാക്ഷാൽ ഇന്ദിരാഗാന്ധിതന്നെ വിദ്യാർഥികളെ കാണാൻ പുറത്തേക്ക് വന്നു.  അവരെ സാക്ഷിയാക്കി അന്ന് 25 വയസ്സുമാത്രമുള്ള യെച്ചൂരി എന്തുകൊണ്ട് മിസ്സിസ്‌ ഗാന്ധി ചാൻസലർപദവി രാജിവയ്‌ക്കണമെന്ന വിദ്യാർഥികളുടെ കുറ്റപത്രം ഉറക്കെ വായിച്ചുകേൾപ്പിച്ചു. ഏറെ താമസിയാതെ ഇന്ദിര ചാൻസലർസ്ഥാനം രാജിവയ്‌ക്കുകയും ചെയ്‌തു.

ജെഎൻയുവിൽമാത്രമല്ല, രാജ്യത്ത് എവിടെയുമുള്ള സാധാരണപൗരന് തന്നെ അടിച്ചമർത്തുന്ന ഭരണാധികാരിയുടെ മുമ്പാകെ അവന്റെ സ്വരമുയർത്താനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുമുള്ള അവകാശം നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്ന ഓർമപ്പെടുത്തലായിരുന്നു ആ സംഭവമെന്ന് യെച്ചൂരി പിന്നീട് സ്‌മരിച്ചിട്ടുണ്ട്‌. ചെറുപുഞ്ചിരിയോടെ കൈ കെട്ടിനിന്ന് തനിക്കെതിരായ കുറ്റപത്രം വായിക്കുന്ന ചെറുപ്പക്കാരനെ കേൾക്കുന്ന ഇന്ദിരയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ജനാധിപത്യ ഇന്ത്യയുടെ, ജനാധിപത്യത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്ന അതുല്യമായ സ്‌മാരകമാണ്‌.

1977 ഒക്ടോബറിൽ ‘കുറ്റവാളികളെ ശിക്ഷിക്കുക’ എന്ന പേരിൽ വിദ്യാർഥി യൂണിയൻ പ്രക്ഷോഭം ശക്തമാക്കി. ജെഎൻയു ഗേറ്റിൽ വിസി ബി ഡി നാഗ്‌ചൗധ്‌രിയുടെ കാർ യെച്ചൂരി തടഞ്ഞു. കാർ തിരിച്ചുവിട്ട വിസി 40 ദിവസത്തോളം അങ്ങോട്ടേക്ക്‌ തിരിഞ്ഞുനോക്കിയില്ല. പ്രതികാരനടപടിയും തുടങ്ങി. ഇതേത്തുടർന്ന്‌ യെച്ചൂരിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സരോജിനിനഗർ മാർക്കറ്റിലും കോണോട്ട്‌പ്ലേസിലും പോയി ജനങ്ങളിൽനിന്ന്‌ പണം പിരിച്ചു. ‘വിസി ലീവിലാണ്‌... ജെഎൻയു പ്രവർത്തിക്കും’–- എന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു പിരിവ്‌. അത്തരത്തിൽ പഠനകാലംമുതൽ നവീനമായ സമരരീതികൾ ആവിഷ്‌കരിക്കുന്നതിലൂടെ ശ്രദ്ധേയനായിരുന്നു യെച്ചൂരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top