ബറേലി > ഇസ്ലാം മതവിശ്വാസിയായ യുവാവിനെ വിവാഹം കഴിച്ചതിനു ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ സംഘർഷം. ജൂലൈ 26നാണ് ഹിന്ദു യുവതി സദ്ദാം അലിയുമായി ഒളിച്ചോടി വിവാഹം കഴിച്ചത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് ദമ്പതികളെ പൊലീസ് കണ്ടെത്തി. തുടർന്ന് യുവതിയെ ബന്ധുക്കളോടൊപ്പം പറഞ്ഞു വിട്ടു. എന്നാൽ സദ്ദാം അലിയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. കൂടാതെ സദ്ദാം അലിയുടെ വീട്ടിൽ അതിക്രമിച്ച് കയറി വീടിന് തീയിട്ടു. യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സദ്ദാം അലിയുടെ പലചരക്ക് കടയും തകർത്തു. ആക്രമണം തടയാൻ വന്ന പൊലീസ് ജീപ്പും ഇവർ നശിപ്പിച്ചു.
സംഭവത്തെ തുടർന്ന് രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷാവസ്ഥ കണക്കിലെടുത്ത് ഗ്രാമത്തിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും വീടിന് തീവച്ചതിനും യുവതിയുടെ ബന്ധുക്കൾക്കെതിരെ സിറൗലി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..