05 December Thursday

സാങ്കേതികത്തകരാർ; വിക്ഷേപണത്തിന് മിനിറ്റുകൾ മുമ്പ് പിഎസ്എൽവി ദൗത്യം മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024

photo credit: ISRO X

തിരുവനന്തപുരം >  യൂറോപ്യൻ സ്‌പേസ്‌ ഏജൻസിയുടെ സൗര നിരീക്ഷണ ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള പിഎസ്‌എൽവി ദൗത്യം വിക്ഷേപണത്തിന് മിനിറ്റുകൾക്കു മുമ്പ് മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽ നിന്ന്‌ വൈകിട്ട്‌ 4.08ന്‌ പ്രോബാ–- 3  ഉഗ്രഹങ്ങളുമായി പുറപ്പെടേണ്ടിയിരുന്ന പിഎസ്‌എൽവി സി 59 ദൗത്യമാണ് മാറ്റിവച്ചത്. ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു തീരുമാനം. വിക്ഷേപണം വ്യാഴാഴ്ച വൈകിട്ട് 4:12ന് നടത്തുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

സൂര്യന്റെ കൊറോണയെ പറ്റി പഠിക്കാനുള്ള ഇരട്ട ഉപഗ്രഹങ്ങളാണ്‌ ദൗത്യത്തിലുള്ളത്‌.  കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച്‌ സൂര്യന്റെ പ്രഭാവലയത്തെ പറ്റി ഉപഗ്രഹം സൂക്ഷ്‌മമായി പഠിക്കും. 145 മീറ്റർ വ്യത്യാസത്തിലുള്ള ഭ്രമണപഥത്തിൽ ഇരു ഉപഗ്രഹങ്ങളും സഞ്ചരിച്ചാണ്‌ ഇത്‌ സാധ്യമാക്കുക. ഏറ്റവും ഉയരത്തിലുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാകും ഇവയെ ഉറപ്പിക്കുക. കുറഞ്ഞദൂരം 600ഉം കൂടിയ ദൂരം 6530 കിലോമീറ്ററുമായുള്ള പഥമാണിത്‌. ആയിരം കിലോമീറ്റർ ഉയരത്തിൽ  ഉപഗ്രഹങ്ങളെ ആദ്യഘട്ടത്തിൽ എത്തിക്കും. രണ്ട്‌ വർഷമാണ്‌ കാലാവധി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top